Type Here to Get Search Results !

Bottom Ad

കുഞ്ചാര്‍ കോട്ടക്കണ്ണി കൊറത്തിക്കുണ്ട് പാലം: നാളെ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

 
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക- മധൂര്‍ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കുഞ്ചാര്‍ കോട്ടക്കണ്ണി കൊറത്തിക്കുണ്ട് പാലം നാളെ സഞ്ചാരത്തിന് തുറന്നുകൊടുക്കും. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച പാലം 2.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ഗ്രാമങ്ങളുടെ സ്വപ്‌ന സാക്ഷാല്‍കാരത്തിന് യത്‌നിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ആരംഭിച്ച പാലം നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് പണി പൂര്‍ത്തിയായെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.
 
കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പാലം പുനര്‍നിര്‍മാണത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഭരണാനുമതി ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച ഈ പാലം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്നു. സ്ലാബുകള്‍ ഇളകിയും തൂണുകള്‍ ദ്രവിച്ചും ജീര്‍ണാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എം.എല്‍.എയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് ഭരണാനുമതിയായത്. 7.15 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം. ഒരു കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡോടുകൂടിയാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. 
 
നേരത്തെ അനുബന്ധ റോഡില്‍ നിന്നും കുഴിയിലായിരുന്ന പാലം നാലു മീറ്റര്‍ വരെ ഉയര്‍ത്തി കയറ്റവും ഇറക്കവും ഒഴിവാക്കിയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. നീര്‍ച്ചാല്‍, കുഞ്ചാര്‍, കൊറത്തിക്കുണ്ട്, കോട്ടക്കണ്ണി, പട്‌ള മധൂര്‍ വഴി വിദ്യാനഗര്‍, കാസര്‍കോട് പോകുന്ന റോഡാണിത്. മുന്നില്‍നിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും ഇരുവാഹനങ്ങള്‍ക്ക് ഒരേ സമയത്ത് കടന്നുപോകാനാവാത്തതും ഈവഴിയില്‍ അപകടങ്ങളും പതിവായിരുന്നു. ബദിയടുക്ക- മധൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ ചുറ്റിത്തിരിഞ്ഞുള്ള യാത്രാ ദൈര്‍ഘ്യം കുറയും. ബദിയടുക്ക ടൗണിലേക്കും മധൂര്‍ ക്ഷേത്രം, ബേള ചര്‍ച്ച് എന്നിവിടങ്ങളിലേക്കും യാത്രഎളുപ്പമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad