തിരുവനന്തപുരം (www.evisionnews.co): പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈനീക്കം തടയുകയായിരുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.

Post a Comment
0 Comments