Type Here to Get Search Results !

Bottom Ad

'എടുക്കട്ടെ ചേച്ചി രണ്ടുകിലോ ഇളം പശു': സാധ്വി സരസ്വതിയുടെ പേജില്‍ ബീഫ് വിഭവങ്ങള്‍ കൊണ്ട് പൊങ്കാലയിട്ട് മലയാളികള്‍


കാസര്‍കോട് (www.evisionnews.co): പശുവിനെ കൊല്ലുന്നവരുടെ കഴുത്തുവെട്ടണമെന്ന് ആഹ്വാനംചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം. ബീഫ് വിഭവങ്ങളുടെ പേരും പ്രത്യേകതകളും പരിചയപ്പെടുത്തിയുള്ള കമന്റുകളിലൂടെയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്. ഓരോ പോസ്റ്റിനും കീഴിലായി ആയിരക്കണക്കിന് കമന്റുകളായാണ് മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ബീഫ് കറിയുണ്ടാക്കുന്ന രീതിയും ബീഫും പൊറോട്ടയും കഴിക്കേണ്ട വിധവുമൊക്കെ വിശദീകരിക്കുന്നതാണ് മിക്ക കമന്റുകളും.

അതിനിടെ അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ റഹ്മത്ത് ഹോട്ടലിലേക്ക് ക്ഷണിച്ചത് പോലെ സാധ്വിയെയും റഹ്മത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കമന്റുകളുമുണ്ട്. റഹ്മത്തിലെ ബീഫ് ബിരിയാണി കഴിച്ചാല്‍ പിന്നെ ഈ പറഞ്ഞതൊക്കെ ചേച്ചി തിരുത്തിപ്പറയുമെന്നാണ് കമന്റ്. എന്നാല്‍, പ്രതിഷേധത്തിന്റെ മറവില്‍ ചിലര്‍ സാധ്വിയുടെ പേജില്‍ അശ്ലീല കമന്റുകളും തെറിവിളികളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഓരോ കമന്റുകള്‍ക്കും നൂറുകണക്കിന് ലൈക്കുകളും റിപ്ലേയും നിറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സാധ്വി വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്നുപറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നാണ് സരസ്വതി പ്രസംഗിച്ചത്. പ്രസംഗത്തെ തുടര്‍ന്ന് സാധ്വി ബാലിക സരസ്വതിക്കെതിരെ ബദിയടുക്ക പോലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം നടത്തിയതിനും മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിനുമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad