ന്യൂഡല്‍ഹി (www.evisionnews.co): ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഒരുവിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്ന് സംവിധായകന്‍ ജയരാജ്. ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന അവാര്‍ഡ് തുക തിരിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങു സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്നു വ്യക്തമാക്കിയതിനെ തുടര്‍ന്ന് 68ഓളം താരങ്ങള്‍ ചടങ്ങു ബഹിഷ്‌കരിച്ചു.
അതേസമയം ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ മന്ത്രി സ്മൃതി ഇറാനി ചിരിച്ചുകൊണ്ട് അവിടെ അവാര്‍ഡ് സമ്മാനിക്കാനായി എത്തില്ലായിരുന്നുവെന്ന് അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ വി.സി അഭിലാഷ് തുറന്നടിച്ചു. 65 വര്‍ഷം രാഷ്ട്രപതി നല്‍കിയ പുരസ്‌കാരം ഇനി താന്‍ നല്‍കുമെന്ന ശരീരഭാഷയായിരുന്നു അവരുടേതെന്നും അഭിലാഷ് പറഞ്ഞു. സ്മൃതി ഇറാനിയോട് യാതൊരു അസഹിഷ്ണുതയുമില്ലെന്നും അങ്ങനെയെങ്കില്‍ ആര്‍എസ്എസുകാരനായ രാഷ്ട്രപതിയോട് അല്ലേ അതുണ്ടാകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മികച്ച സാമൂഹ്യപ്രധാനമായ സിനിമക്കുള്ള പുരസ്‌കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകനാണ് വി.സി.അഭിലാഷ്. യേശുദാസും ജയരാജും മുട്ടിലിഴയുന്നവരാണെന്ന് സംവിധായകന്‍ ഡോ. ബിജു പരിഹസിച്ചു.
മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജ് തുടങ്ങിയവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്ത മലയാളികള്‍. മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടി പാര്‍വതി തുടങ്ങിയവര്‍ ചടങ്ങു ബഹിഷ്‌കരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ ചേര്‍ന്ന് ഒപ്പിട്ട പ്രത്യേക കത്ത് കേന്ദ്ര സര്‍ക്കാരിനു കൈമാറും. പ്രതിഷേധക്കാര്‍ തയാറാക്കിയ കത്തില്‍ ഒപ്പിട്ട ശേഷമാണ് യേശുദാസും ജയരാജും ചടങ്ങിനെത്തിയത്.

Post a Comment
0 Comments