കാസര്‍കോട് (www.evisionnews.co): ബി.ജെ.പിയിലെ വിഭാഗീയത സംസ്ഥാനത്തുടനീളം യുവമോര്‍ച്ചയിലൂടെ ആളിപ്പടരുന്നു. തിരുവനന്തപുരത്തെ രാപ്പകല്‍ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡണ്ടിന്റെ പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വിഭാഗീയത അണിയറയില്‍ നിന്നും അരങ്ങത്തെത്തിയിരിക്കുന്നത്. രാപകല്‍സമരത്തില്‍ 25 അംഗങ്ങളെ വീതംപങ്കെടുപ്പിക്കാത്ത നേതാക്കളാരും ഇനിമുതല്‍ സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്് പ്രകാശ് ബാബുവിന്റെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ കീഴ്കമ്മിറ്റി നേതാക്കളെ ഉണര്‍ത്തുന്നത്. ബിജെപി സംസ്ഥാന ഘടകത്തില്‍ നേതാക്കള്‍ക്കിടയിലെ ചേരിതിരിവ് യുവമോര്‍ച്ചയിലും ശക്തമാണെന്ന് അടിവരയിടുന്നതാണ് സംസ്ഥാന പ്രസിഡണ്ടിന്റെ പേരിലിറങ്ങിയ ഈസര്‍ക്കുലര്‍.
സംസ്ഥാനത്തുടനീളം ജില്ലാ കമ്മിറ്റിയിലടക്കം ഉണ്ടായിരിക്കുന്ന വിയോജിപ്പുകളാണ് സമരപരിപാടികളുമായി നേതാക്കള്‍ വരാത്തതിലൂടെ പ്രകടമാകുന്നത്. ഏതാനും അംഗങ്ങള്‍ ചേര്‍ന്നെടുത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡണ്ട്് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്ന് എതിര്‍വിഭാഗം പറയുന്നു. അതേസമയം സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാടിനെതിരെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്കിടയില്‍ രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന പ്രസിഡണ്ട് യോഗം പോലും ചേരാതെ സ്വന്തമായി അടിച്ചിറക്കിയ സര്‍ക്കുലര്‍ യുവമോര്‍ച്ചയുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
യുവമോര്‍ച്ചയുടെ ജില്ലാ സമിതികളിലും വിഭാഗീയത നേരത്തെ തന്നെ രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് പല ജില്ലകളിലും നിര്‍ജീവാവസ്ഥയിലാണ് സമിതികള്‍. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവാവസ്ഥയിലായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലടക്കം ജില്ലാ സമിതികള്‍ പുനസംഘടിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

Post a Comment
0 Comments