Type Here to Get Search Results !

Bottom Ad

സിദ്ധരാമയ്യയെ ചതിച്ചത് ബി.ജെ.പി- ജെ.ഡി.എസ് രഹസ്യധാരണ?


ബംഗളൂരു (www.evisionnews.co): രാജ്യം ഉറ്റുനോക്കിയ നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലെത്തുമ്പോള്‍ കേവല ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരമുറപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 116 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. കനത്ത തിരിച്ചടി നേരിട്ട ഭരണകക്ഷിയായ കോണ്‍ഗ്രസ് 66സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. അതേസമയം, ജനതാദള്‍ എസ് 39 സീറ്റുമായി ശക്തി തെളിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്.

രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും കാഴ്ചവച്ചത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരേദേശ, മദ്ധ്യ മേഖലകളടക്കം അഞ്ചു മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു. കര്‍ണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു. ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പയുടെ പ്രഭാവം സമുദായ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കുന്നതിനിടയാക്കി.

സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയിലുണ്ടായ രഹസ്യധാരണ ഫലത്തില്‍ പ്രതിഫലിച്ചുഎന്നതാണ് വലിയിരുത്തപ്പെടുന്നത്. വലിയ വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്ന മൈസൂരില്‍ പോലും കേവല വോട്ടുകള്‍കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. രഹസ്യധാരണ അത്രവലിയ രഹസ്യമല്ല എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. 'അവര്‍ ചര്‍ച്ച നടത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈരണ്ടു സീറ്റുകളില്‍ (സിദ്ധരാമയ്യയുടെയും മകന്റെയും) മാത്രമല്ല വിജയം ഉറപ്പാക്കാന്‍ മറ്റു പല സീറ്റുകളിലും ഇത്തരം ധാരണയുണ്ട്.' എന്നായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ട് ഉന്നയിച്ച ആരോപണം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. 

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയും ജെ.ഡി.എസും 40വീതം സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇക്കുറിയും കോണ്‍ഗ്രസ് വലിയ മുന്നേറ്റം സ്വപ്‌നം കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുലും മോദിയും തമ്മിലുള്ള മത്സരമാണ് കര്‍ണാടകയില്‍ കണ്ടത്. 

Post a Comment

0 Comments

Top Post Ad

Below Post Ad