Type Here to Get Search Results !

Bottom Ad

മുഫീദ് ഹുദവിയെ മരണം തട്ടിയെടുത്തത് മാലിക് ദീനാര്‍ മഖാം സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ


കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ചാലയിലെ മുഫീദ് ഹുദവി (25)നെ മരണം തട്ടിയെടുത്തത് തളങ്കര മാലിക് ദീനാര്‍ മഖാം സന്ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ. ചൊവ്വാഴ്ച ദുബൈയില്‍ പോകാനൊരുങ്ങിയ സഹോദരന്‍ ഇര്‍ഷാദി (21)നെയും കൂട്ടി ബൈക്കിൽ തളങ്കരയിലേക്ക് പോയതായിരുന്നു മുഫീദ്. മഖാം സന്ദര്‍ശനം നടത്തിയ ശേഷം കാസര്‍കോട്ടേക്കുള്ള മടക്കയാത്രക്കിടെ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ആന്ധ്ര സ്വദേശികളായ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ സഹോദരങ്ങള്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കി ഇടിക്കുകയായിരുന്നു. കാസര്‍കോട് നിന്നും തളങ്കര ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. 

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മുഫീദിനെയും സഹോദരന്‍ ഇര്‍ഷാദിനെയും ഓടിക്കൂടിയ നാട്ടുകാരാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴുത്തിലും തലയ്ക്കും പരിക്കേറ്റ മുഫീദ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്. 

മത സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായ മുഫീദ് ഹുദവിയുടെ വിയോഗം നാടിനെ തീരാദുഖത്തിലാക്കി. തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലും ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയിലുമായി 12 വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ടുവര്‍ഷം മുമ്പാണ് ഹുദവി ബിരുദം നേടി ദഅ്‌വ രംഗത്തേക്ക് കാലെടുത്തുവെച്ചത്. ബെദിര ഹയാത്തുല്‍ ഹുദാ മദ്രസയിലും ബെദിര പി.ടി.എം.എ.യു.പി സ്‌കൂളിലും അധ്യാപകനായി സേവനം ചെയ്തുവരികയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖാ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ കൗണ്‍സില്‍ അംഗവും കൂടിയാണ്. കളിച്ചുവളര്‍ന്ന നാട്ടില്‍തന്നെ അധ്യാപകനായി ജോലി ചെയ്യുന്നതിനാല്‍ തന്നെ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രിയങ്കരനായിരുന്നു. 

അബ്ദുല്‍ റഹ്മാന്റെയും സുഹറയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍ (തിരുവനന്തപുരം), അഫ്സല്‍ (ദുബൈ), നഫീസത്ത് മിസ്രിയ, നസ്റീന. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിദ്യാനഗര്‍ ചാലയില്‍ താമസമുറപ്പിച്ചത്. മയ്യിത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വൈകിട്ടോടെ ബെദിര മുഹിയദ്ദീന്‍ പള്ളി പരിസരത്ത് ഖബറടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad