കാസര്‍കോട് (www.evisionnews.co): നാടിന്റെ പ്രതീക്ഷയായി ഉയര്‍ച്ചയുടെ പടവുകളേറുന്നതിനിടെ ആകസ്മികമെന്നോണം സംഭവിച്ച മുഫീദ് ഹുദവിയുടെ മരണം തീരാവേദനയായി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപമുണ്ടായ അപകടത്തിലാണ് വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ റഹാമാന്‍- സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുഫീദ് മരണപ്പെട്ടത്. അപകടവാര്‍ത്ത നാടറിഞ്ഞത് മുതല്‍ ഒരു രാത്രിമുഴുക്കെയും ഉറങ്ങാതെ ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. ഒടുവില്‍ ആയിരങ്ങളുടെ പ്രാര്‍ത്ഥനകളെ വിഫലമാക്കി പുലര്‍ച്ചെ നാലരമണിയോടെ ആ വാര്‍ത്തയും ബെദിര ജമാഅത്തിനെ തേടിയെത്തി. നാടിന്റെ പ്രിയങ്കരനും അധ്യാപകനുമായ മുഫീദിന്റെ വിയോഗ വാര്‍ത്ത.
തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ സിയാറത്ത് ചെയ്തു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി ദുബൈയില്‍ പോകാനൊരുങ്ങിയ സഹോദരന്‍ ഇര്‍ഷാദി (21)നെയും കൂട്ടി സ്‌കൂട്ടറില്‍ തളങ്കര പള്ളിയിലേക്ക് പോയതായിരുന്നു മുഫീദ്. സിയാറത്ത് ചെയ്ത് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ആന്ധ്രയിലെ തീര്‍ത്ഥാടക സംഘം സഞ്ചരിക്കുകയായിരുന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോവുകയായിരുന്നു. തെറിച്ചുവീണ് ഹെല്‍മറ്റ് തകര്‍ന്ന് അതിന്റെ ചീളുകള്‍ കഴുത്തിലേക്ക് തുളഞ്ഞുകയറിയതാണ് മരണ കാരണം. ചോരയില്‍ കുളിച്ച നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മുഫീദ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബെദിര പി.ടി.എം.എച്ച്.എസിലും ഹയാത്തുല്‍ ഹുദാ മദ്രസയിലും അധ്യാപകനായ മുഫീദ് വിദ്യാര്‍ത്ഥികളുടെയും സ്ഥാപനത്തിന്റെയും പുരോഗതിയിലും വളര്‍ച്ചയിലും അതീവ ശ്രദ്ധവാനായിരുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ നൂറുമേനി വിജയം നേടിയതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ചത്തെ അനുമോദന ചടങ്ങിന് കോപ്പുകൂട്ടുന്നതിനിടയിലാണ് മരണം മുഫീദിനെ തേടിയെത്തിയത്. മദ്രസയിലെ വിവിധ പരിപാടികളിലും മുഫീദിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എല്ലാ കാര്യത്തിലും അത്യുത്സാഹത്തോടെ മുന്നില്‍ നില്‍ക്കുകയും അത് വിജയത്തിലേക്കെത്തിക്കുന്നത് വരെ ആത്മാര്‍ത്ഥമായി അധ്വാനിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു.
തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലും ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റിയിലുമായി 12 വര്‍ഷത്തെ പഠനത്തിന് ശേഷം മൂന്നുവര്‍ഷം മുമ്പാണ് ഹുദവി ബിരുദം നേടി ദഅ്വ രംഗത്തേക്ക് കാലെടുത്തുവെച്ചത്. എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖാ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ കൗണ്‍സില്‍ അംഗവും കൂടിയാണ്. കളിച്ചുവളര്‍ന്ന നാട്ടില്‍തന്നെ അധ്യാപകനായി ജോലി ചെയ്യുന്നതിനാല്‍ തന്നെ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രിയങ്കരനായിരുന്നു.
മരണവാര്‍ത്ത നാടറിഞ്ഞത് മുതല്‍ വീട്ടിലേക്കും തുടര്‍ന്ന് മയ്യിത്ത് കാസര്‍കോട്ടെത്തിച്ചപ്പോള്‍ ജനറല്‍ ആസ്പത്രിയിലേക്കും ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക് ദീനാറിലെത്തിച്ചപ്പോള്‍ അവിടെയും ജനസഞ്ചയം തീര്‍ത്തു. പത്തുവര്‍ഷം പഠിച്ച മാലിക് ദീനാര്‍ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ചാലയിലെ വസതിയിലെത്തിച്ചപ്പോള്‍ മുറ്റംകണ്ണീര്‍ വാര്‍ത്തു. തുടര്‍ന്ന് ബെദിര മദ്രസാ പരിസരത്ത് പൊതുദര്‍ശനത്തിനെത്തിച്ചപ്പോഴേക്കും കണ്ടുനിന്നവര്‍ക്ക് കരച്ചിലടക്കാനായില്ല.

Post a Comment
0 Comments