അബുദാബി (www.evisionnews.co): യു.എ.ഇയില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനത്തിന് പത്തുലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുന്ന കരടു നിയമത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗീകാരം നല്‍കി. സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസിയുടെ അധ്യക്ഷതയില്‍ നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ 16-ാം ലെജിസ്ലേറ്റീവ് ചാപ്റ്ററിന്റെ 18-ാം യോഗത്തിലാണ് സംയോജിത മാലിന്യ പരിപാലനം സംബന്ധിച്ച ഫെഡറല്‍ കരട് നിയമം പാസാക്കിയത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനും ഈ നിയമം പ്രധാനമായി ഊന്നല്‍ നല്‍കുന്നു.
അനധികൃത മാലിന്യ നിര്‍മാര്‍ജനരീതി ഉണ്ടാക്കുന്ന വിപരീത ഫലങ്ങള്‍ ഈ നിയമം വഴി തടയാനും മലിനീകരണ ആഘാതം കുറയ്ക്കാനുമാവും. മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും സുസ്ഥിരവും സുതാര്യതയും ഉറപ്പുവരുത്താനും നിയമം സഹായിക്കും.അനധികൃത മാലിന്യ നിര്‍മാര്‍ജനം വഴി ഏതെങ്കിലും സ്ഥാപനത്തെ വഞ്ചിക്കല്‍, മാലിന്യം തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയല്‍, കുഴിച്ചുമൂടല്‍, ജലമലിനീകരണം, പൊതുപാര്‍ക്കുകളില്‍ ഉപേക്ഷിക്കല്‍ അല്ലെങ്കില്‍ അത്തരമൊരു ലക്ഷ്യത്തിനുവേണ്ടി നിര്‍ദേശിക്കപ്പെടാത്ത സ്ഥലങ്ങളില്‍ മാലിന്യം ഉപേക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തുലക്ഷം ദിര്‍ഹം വരെ നിയമലംഘകരില്‍നിന്ന് പിഴ ചുമത്താനും നിയമം നിര്‍ദ്ദേശിക്കുന്നു. ഉത്പാദനം, വിഭജനം, ശേഖരണം, ചലനം, സംഭരണം, പുനരുല്‍പാദനം തുടങ്ങിയവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന രാജ്യത്തെ മാലിന്യനിര്‍മാര്‍ജന ഘട്ടങ്ങളില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയും. എന്നാല്‍, ആണവ, റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ ഈനിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment
0 Comments