ന്യൂഡല്‍ഹി (www.evisionnews.co): ഉന്നാവോ ബലാത്സംഗക്കേസ് ഏറ്റെടുത്ത് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നിര്‍ണായക നിഗമനങ്ങളുമായി സി.ബി.ഐ. കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വ്യക്തമാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എം.എല്‍.എയുടെ വസതിയില്‍ വച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തതെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു.ബലാത്സംഗം നടക്കുന്ന സമയത്ത് മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എം.എല്‍.എയുടെ സഹായി ശശി സിങ്ങെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുമ്പ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും നീതിപൂര്‍വമായ അന്വേഷണം നടത്തുന്നതിലും പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. സെനഗറാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിങാണ് ഇതിന് കൂട്ടുനിന്നതെന്നും പെണ്‍കുട്ടി പലയാവര്‍ത്തി പൊലിസിന് മൊഴി നല്‍കിയെങ്കിലും എഫ്.ഐ.ആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിങ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലിസ് ഒഴിവാക്കുകയാണ് ചെയ്തത്.
ജൂണ്‍ 20ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഗസ്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാത്രമല്ല പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുന്നത് പൊലിസ് വൈകിപ്പിച്ചെന്നും സി.ബി.ഐ കുറ്റപ്പെടുത്തി. ബലാത്സംഗ സമയത്ത് ധരിച്ചിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതും പൊലിസ് വൈകിപ്പിച്ചു. പ്രതികളെ രക്ഷപെടുത്താന്‍ പോലിസ് ഗുരുതര നിയമലംഘനമാണ് നടത്തിയത്.

Post a Comment
0 Comments