പനജി (www.evisionnews.co): ഭീകരര്‍ കടല്‍വഴി ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവയില്‍ അതീവ ജാഗ്രത നിര്‍ദേശം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ഗോവയുടെ തീരത്തുനിന്നു പ്രവര്‍ത്തിക്കുന്ന എല്ലാ കപ്പല്‍, കസിനോകള്‍ തുടങ്ങിയവയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗോന്‍കര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഇന്ത്യയുടെ മീന്‍പിടിത്ത ട്രോളര്‍ വിട്ടയച്ചിട്ടുണ്ട്. അതു തിരിച്ച് ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. അതില്‍ ഭീകരരുണ്ടായിരിക്കാമെന്നാണു വിവരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീരത്തോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്ലാ കസിനോകള്‍ക്കും വാട്ടര്‍ സ്‌പോര്‍ട്‌സ് ഓപ്പറേറ്റര്‍മാര്‍ക്കും ബാര്‍ജുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡ് ആണു വിവരം നല്‍കിയത്. ഗോവയ്ക്കു മാത്രമല്ല, മുംബൈ, ഗുജറാത്ത് തീരത്തും ഇതേ മുന്നറിയിപ്പു സന്ദേശം നല്‍കിയിട്ടുണ്ടെന്നും സാല്‍ഗോന്‍കര്‍ അറിയിച്ചു. ഇതുവഴി പോകുന്ന എല്ലാ കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments