തിരുവനന്തപുരം (www.evisionnews.co): ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നോട്ടിസ് പോലും നല്‍കാതെയാണു സമരം പ്രഖ്യാപിച്ചത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്. സമരം നിര്‍ത്തിവന്നാല്‍ മാത്രമേ ചര്‍ച്ച നടത്തൂ. ഡോക്ടര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിലാണു സമരത്തെ നേരിടാനുള്ള നിര്‍ണായക തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. എസ്മ പ്രയോഗിക്കാതെ സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) പറഞ്ഞു. തങ്ങളുടെ പ്രശ്‌നമെന്താണെന്നു മനസിലാക്കാനുള്ള ശ്രമം പോലുമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
അതിനിടെ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ചികില്‍സ തേടിയെത്തുന്ന രോഗികളെ കടുത്ത ദുരിതത്തിലാക്കിയാണു സമരം നടക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സമരം രൂക്ഷമാക്കുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) മുന്നറിയിപ്പു നല്‍കിയിരുന്നു. കൂട്ടരാജിയുള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്തു ചേരും. ബുധനാഴ്ച മുതല്‍ കിടത്തി ചികില്‍സയും അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ഐഎംഎയുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Post a Comment
0 Comments