കാസര്‍കോട് (www.evisionnews.co): സസ്‌പെന്‍ഷനിലായ എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജ. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ കണക്കുകളില്‍ വ്യത്യാസങ്ങളുണ്ട്. വരുംദിവസങ്ങളില്‍ അവധിയായത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അനീസ്, എം.പി പ്രവീണ്‍, മറ്റൊരു ബോട്ടണി വിദ്യാര്‍ത്ഥി എന്നിവരുടെ ഹാജര്‍നില പകുതിയിലും താഴെയാണെന്ന് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അനീസ്, എം.പി.പ്രവീണ്‍ എന്നിവരാണ് വ്യാഴാഴ്ച്ച നാലാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് ബിരുദ പരീക്ഷയെഴുതിയത്. മതിയായ ഹാജരില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ച നേതാകള്‍ക്ക് നിയമവിരുദ്ധമായ ഉത്തരവ് പരീക്ഷയുടെ തലേദിവസമായ ബുധനാഴ്ച വൈകിട്ട് അഞ്ചിന് ശേഷം പ്രോ വൈസ് ചാന്‍സലര്‍ ഒപ്പിട്ട് നല്‍കുകയായിരുന്നു. പരീക്ഷയെഴുതാന്‍ എല്ലാ വിദ്യാര്‍ത്ഥികളും യോഗ്യരാണെന്ന് കാണിച്ച് കോളജിലെ ഇക്കണോമിക്‌സ് മേധാവിയുടെ 'നില്‍ സ്റ്റേറ്റ്‌മെന്റ്' സര്‍വകലാശാലക്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രജിസ്റ്റര്‍ നമ്പര്‍ അനുവദിച്ചുകൊണ്ട് ഉത്തരവുണ്ടായത്.
സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കുറഞ്ഞത് 75ശതമാനം ഹാജര്‍ വേണം. എന്നാല്‍ 49, 51 എന്നിങ്ങനെയാണ് മുഹമ്മദ് അനസിന്റെയും പ്രവീണിന്റെയും ഹാജര്‍നില. അനസിനും പ്രവീണിനും ഹാജര്‍ വളരെ കുറവായതിനാല്‍ ഹാള്‍ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ആദ്യമെ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനസും പ്രവീണും 11ന് രാവിലെ സര്‍വകലാശാലയിലെത്തി പരീക്ഷയെഴുതിക്കണമെന്നു കാണിച്ച് അപേക്ഷ നല്‍കി. തുടര്‍ന്ന് ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും പരീക്ഷയെഴുതാന്‍ യോഗ്യരാണെന്ന് കാണിച്ച് ഇക്കണോമിക്‌സ് മേധാവി എ. അശോകന്റെ പ്രസ്താവനയെത്തി. പ്രിന്‍സിപ്പലിന്റെ അറിവോടെയല്ലാത്ത ഇത്തരം പ്രസ്താവനകള്‍ക്ക് സര്‍വകലാശാല അംഗീകാരം നല്‍കരുതെന്നാണു ചട്ടം. ഇതു മറികടന്നാണ് പ്രവൃത്തി സമയത്തിന് ശേഷം പ്രോ വൈസ് ചാന്‍സലര്‍ പരീക്ഷയെഴുതാനുള്ള അനുമതി നല്‍കിയത്.

Post a Comment
0 Comments