കാഞ്ഞങ്ങാട് (www.evisionnews.co): നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. നെഹ്‌റു കോളജ് വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അനീസ് ഉപ്പള, എം.വി പ്രവീണ്‍ കുറുന്തൂര്‍ പടന്നക്കാട്, ശരത് ദാമോദരന്‍ കുന്നുമ്മല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഇന്നലെ ഉച്ചയോടെ ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
ഹോസ്ദുര്‍ഗ് എസ്.ഐ പി.വി വിജയന്‍ അധ്യാപികയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പോസ്്റ്റര്‍ പതിച്ചതിന്റെ പേരില്‍ കോളജില്‍ നിന്ന് സസ് പെന്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു.
മെയ് 31ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പുഷ്പജക്ക് കോളജ് യാത്രയയപ്പ് നല്‍കിയിരുന്നു. ആ ചടങ്ങിനിടയിലാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലികളര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുകയും ചെയ്തത്. പ്രിന്‍സിപ്പല്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐ ന്യായീകരിച്ചത്. എന്നാല്‍ സംഭവം പിന്നീട് വന്‍ വിവാദമായി. രണ്ടുവര്‍ഷത്തെ പ്രിന്‍സിപ്പല്‍ ജീവിതത്തില്‍ അക്കാദമിക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താനും അച്ചടക്കം കൊണ്ടുവരാനും ശക്തമായി ശ്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ഈ വിഷയത്തെ കാണുന്നതെന്ന് പി.വി പുഷ്പജ പറഞ്ഞു.

Post a Comment
0 Comments