കലിഫോര്‍ണിയ (www.evisionnews.co) സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമം നടത്തിയെന്ന് പോലീസ് സംശയിക്കുന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് കരുതുന്നത്. പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.
പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കൈത്തോക്കുമായെത്തിയ സ്ത്രീയെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമായിട്ടില്ല. 30 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടുമില്ല. ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകള്‍ പരിഭ്രാന്തരാണെന്നും ജീവനക്കാരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിള്‍ അറിയിച്ചു.

Post a Comment
0 Comments