Type Here to Get Search Results !

Bottom Ad

പ്രതിഷേധം ശക്തമായി: റിയാസ് മൗലവിയുടെ ഫോട്ടോ ഉള്‍പ്പെട്ട ഫ്‌ളക്‌സുകള്‍ നഗരത്തില്‍ ഉയര്‍ന്നു


കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ നയിക്കുന്ന സംസ്ഥാനതല ജനമോചനയാത്രയില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയെ മറന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. സംഭവം ചര്‍ച്ചയായതോടെ നഗരത്തിലും പരിസരങ്ങളിലും റിയാസ് മൗലവിയുടെ ഫോട്ടോ ഉള്‍പ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ ബസ് സ്റ്റാന്റിലും പരിസരത്തുമാണ് കഴിഞ്ഞ ദിവസം രാത്രി പുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. 

ശനിയാഴ്ച കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നും പ്രയാണമാരംഭിക്കുന്ന യാത്രയുടെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ഫ്‌ളക്‌സ് ഫോര്‍ഡുകളിലും കട്ട്ഔട്ടുകളിലും ചൂരിയില്‍ സംഘ്പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തതിലാണ് അണികള്‍ക്കിടയില്‍ നിന്നുതന്നെ അമര്‍ഷം രൂപപ്പെട്ടത്. സിപിഎമ്മിന്റെയും ഹിന്ദുത്വവാദികളുടെയും കൊലക്കത്തിക്കിരയായവരുടെ ഛായാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കാസര്‍കോട്ട് ചൂരിയില്‍ കൊലചെയ്യപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ ചിത്രം ഒഴിവാക്കപ്പെട്ടത്. അതേസമയം വധിക്കപ്പെട്ട ആര്‍എംപി സ്ഥാപകന്‍ ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെയും കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും അട്ടപ്പാടിയിലെ മധുവിന്റെയും ചിത്രങ്ങള്‍ ഫ്‌ളക്‌സിലുണ്ട്. ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ഗൗരിലങ്കേഷ്, എംഎം കല്‍ബുര്‍ഗി, നരേന്ദ്രധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഫ്‌ളക്‌സില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.


അതേസമയം റിയാസ് മൗലവിയെ ഒഴിവാക്കിയത് മനപ്പൂര്‍വമല്ലെന്നും പ്രിന്റിംഗില്‍ വന്ന അപാകതയാണെന്നും മീഡിയ കണ്‍വീനര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ആദ്യം പ്രിന്റ് ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ റിയാസ് മൗലവി ഒഴിവാക്കപ്പെട്ടതായും പിന്നീട് ശ്രദ്ധയില്‍പെട്ടപ്പോള്‍ മാറ്റി പ്രിന്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.


കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് വര്‍ഷം മുമ്പാണ് മടിക്കേരി സ്വദേശിയായ റിയാസ് മൗലവിയെ കാസര്‍കോട്ടെ ആര്‍.എസ്.എസ് ഗുണ്ടാസംഘം ചൂരിയിലെ പള്ളിയോട് ചേര്‍ന്ന കിടപ്പുമുറിയില്‍ അര്‍ധരാത്രിയില്‍ കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ഈനിഷ്ഠൂര വധം നിയമസഭക്കകത്തും പുറത്തും മാധ്യമങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകത്തിന് ശേഷം റിയാസ് മൗലവിയെ കൊലപ്പെടുത്തിയ പള്ളിയിലും മറ്റും കോണ്‍ഗ്രസിന്റെതടക്കമുള്ള നേതാക്കള്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആ കൊലപാതകത്തിലുള്ള പ്രതിഷേധച്ചൂട് നിലനില്‍ക്കുന്നതിനിടയിലാണ് കെപിസിസി പ്രസിഡണ്ട് എം.എം ഹസന്‍ ജനമോചനയാത്ര ഏപ്രില്‍ ഏഴിന് കാസര്‍കോട് നിന്നും പ്രയാണമാരംഭിക്കുന്നത്. ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് റിയാസ് മൗലവിയെ മറന്നുകളഞ്ഞ നടുക്കുന്ന നടപടിയുണ്ടായതും.


Post a Comment

0 Comments

Top Post Ad

Below Post Ad