കാഞ്ഞങ്ങാട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം നേടിയ ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് വിവാദമായി. 2017ല്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്സ് പി.എച്ച്.ഡിക്ക് അഡ്മിഷന്‍ ലഭിച്ച് ഗവേഷണം നടത്തിവരുന്നതിനിടെയാണ് അടിസ്ഥാനരഹിതമായ കാരണം പറഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശിയായ കെ. അജിത് എന്ന ദളിത് വിദ്യാര്‍ത്ഥിയെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത്. ഡിസംബര്‍ ആറിലെ വിജ്ഞാപന പ്രകാരമാണ് സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടിയത്. അഡ്മിഷന് വേണ്ടി സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ സി.എസ്.ഐ.ആറിന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുള്ളവര്‍ക്കും അഡ്മിഷന് എടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും അഡ്മിഷന്‍ നേടാമെന്നുമാണ് നിര്‍ദേശം.
എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്കും പട്ടികജാതി- വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 35ശതമാനം മാര്‍ക്കും മതിയെന്നാണ് നിശ്ചയിച്ചത്. കേന്ദ്ര സര്‍വകലാശാലയില്‍ പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത അറുപതോളം സീറ്റില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നിലവിലുള്ളത്. വിജ്ഞാപനത്തിന്റ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരി ഒന്നിനാണ് അജിത് കേന്ദ്ര സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിനായി അഡ്മിഷന്‍ നേടുന്നത്. മാര്‍ച്ച് 16ന് സര്‍വകലശാല ചട്ടങ്ങള്‍ വിരുദ്ധമായാണ് അജിത്തിന് പ്രവേശനം നല്‍കിയെന്ന് കാണിച്ച് അജിതിനെ പുറത്താക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അജിത്ത്.

Post a Comment
0 Comments