കൊല്ലം (www.evisionnews.co): റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി ആരും തുറിച്ചുനോക്കുമെന്ന ഭയമില്ലാതെ മുലയൂട്ടാം. മുലയൂട്ടുന്ന ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനിലുമെത്തിക്കുന്ന പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി. റെയില്‍വേയുടെ സഹകരണത്തോടെ റോട്ടറി ക്ലബാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ 50000 രൂപ മുതല്‍മുടക്കില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പിങ്ക് നിറത്തില്‍ അമ്മയ്ക്ക് സുഖമായി മുലയൂട്ടാനുള്ള എല്ലാ സൗകര്യങ്ങളോടെയുമാണ് ക്യാബിനുകളുടെ രൂപകല്‍പന. ക്യാബിനുള്ളില്‍ ഇരിപ്പിടവും ഫാനും, ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡുകളില്‍ ക്യാബിനുകള്‍ സ്ഥാപിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ബസ് സ്റ്റാഡുകളില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാബിനുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കൊല്ലം റോയല്‍ സിറ്റി പ്രസിഡണ്ട് പ്രകാശന്‍ പിള്ള പറഞ്ഞു. സ്ത്രീകളുടെ വിശ്രമമുറിയോട് ചേര്‍ന്നാണ് ക്യാബിനുകള്‍ സ്ഥാപിക്കുക.
Post a Comment
0 Comments