Type Here to Get Search Results !

Bottom Ad

വിജിലന്‍സ് സീല്‍ ചെയ്ത അലമാരകള്‍ക്ക് കാവലേര്‍പ്പെടുത്തണം: ബി.എം ജമാലിന്റെ സഹോദരന്‍ വിജിലന്‍സ് സുപ്രണ്ടിന് കത്തയച്ചു


ഉദുമ (www.evisionnews.co): കോട്ടിക്കുളത്തെ പട്ടേല്‍ മന്‍സില്‍ എന്ന കുടുംബ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത് വെച്ചിരിക്കുന്ന മൂന്നു അലമാരകള്‍ക്ക് മതിയായ പോലീസ് കാവലേര്‍പ്പെടുത്തണമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാലിന്റെ സഹോദരന്‍ ബി.എം സാദിഖ് രജിസ്റ്റേര്‍ഡ് കത്ത് മുഖേന കോഴിക്കോട് വിജിലന്‍സ് പൊലീസ് സുപ്രണ്ടിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 27ന് വന്‍ സന്നാഹത്തോടെയും വാര്‍ത്താ പ്രാധാന്യത്തോടെയും ബി.എം ജമാലിന്റെ കോട്ടിക്കുളത്തെ കുടുംബ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ജമാലിന്റെ മുറിയിലുണ്ടായിരുന്ന അലമാരയുടെ താക്കോല്‍ ലഭ്യമല്ലാത്തതിനാല്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ സമീപത്തെ വീട്ടില്‍ താമസിക്കുന്ന സാദിഖ് ഡല്‍ഹിയിലുള്ള ജമാലിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അലമാര കൊല്ലപ്പണിക്കാരെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് തുറന്ന് പരിശോധിച്ചിരുന്നെങ്കിലും ആരോപിച്ച രീതിയിലുള്ള യാതൊരു രേഖകളും ലഭിച്ചില്ല.

ഒരുദിവസം മുഴുവന്‍ പരിശോധിച്ച് കണ്ടെടുത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 11രേഖകള്‍ ഭാര്യ മാതാവ് മരണപ്പെട്ടപ്പോഴുള്ള ലോക് ഷോര്‍ ഹോസ്പിറ്റലിന്റെ ബില്ലുകള്‍, ഭാര്യയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബി.എം ജമാലിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ്, ജമാല്‍ നഷ്ടപ്പെട്ടതായി കണക്കാക്കിയിരുന്ന ഒറിജിനല്‍ പാന്‍ കാര്‍ഡ്, കാക്കനാടുള്ള ഒരു ഫര്‍ണീച്ചര്‍ ഷോപ്പില്‍ നിന്നും ബെഡ് വാങ്ങിയതിന്റെ ബില്‍, കുടുംബ വീടിന്റെ നികുതി അടച്ച രസീതുകള്‍ എന്നിവയായിരുന്നു. പരിശോധിച്ച മറ്റു ഫയലുകളെല്ലാം ബി.എം ജമാല്‍ അഭിഭാഷക വൃത്തി നിര്‍ത്തിയപ്പോഴുള്ള കേസ് ഫയലുകളും പഴയകാല കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും ഫോട്ടോകളുമായിരുന്നു.

തുടര്‍ന്ന് ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫൈനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന ബി.എം ഇര്‍ഷാദിന്റെയും കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മാതാവിന്റെയും അലമാരകള്‍ താക്കോലുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ബി.എം സാദിഖ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ട വിജിലന്‍സ് വിഭാഗം അലമാരകള്‍ സൗകര്യപൂര്‍വം പിന്നീട് തുറക്കാമെന്നും സഹോദരന്‍ ഇര്‍ഷാദ് വരുന്നസമയം അറിയിച്ചാല്‍ മതിയെന്നും അതുവരെ അലമാരകള്‍ സീല്‍ ചെയ്യുകയാണെന്നും അറിയിച്ചുകൊണ്ട് സ്ഥലം വിടുകയാണുണ്ടായത്. 

എന്നാല്‍ ബി.എം ജമാലിനെതിരെ ശക്തമായ ഒരുലോബി പ്രവര്‍ത്തിക്കുന്നതിന്റെ അപകടം മനസിലാക്കിയതിനാലാണ് സാദിഖ് പൊലീസ് കാവല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ മാതാവ് ഇപ്പോള്‍ കോഴിക്കോട് ചികിത്സയിലാണെന്നും ചികിത്സയുടെ ഭാഗമായി മാഹി സ്വദേശിനിയായ തന്റെ ഭാര്യ അധികവും കോഴിക്കോടാണ് താമസം. താന്‍ കുറച്ചുകാലത്തേക്ക് വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. ജമാലിന്റെ ശത്രുക്കള്‍ അലമാരകള്‍ കടത്തികൊണ്ടു പോകുവാനോ സീല്‍ നശിപ്പിക്കുവാനോ സാധ്യതയുണ്ട്. വളരെ പഴക്കമുള്ള കുടുംബ വീടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് സഹോദരന്‍ ബി.എം ഇര്‍ഷാദ് നാട്ടിലെത്തുന്നവരെ മതിയായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad