Type Here to Get Search Results !

Bottom Ad

സിഗരറ്റ് കൂടിലെ ആരോഗ്യ മുന്നറിയിപ്പ്: ഹൈക്കോടതി ഉത്തരവിനു സ്റ്റേ


ന്യൂഡല്‍ഹി (www.evisionnews.co): സിഗരറ്റുകൂടിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതിയുടെ ഇടക്കാലസ്റ്റേ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയുടെ ഡിസംബര്‍ 15ലെ വിധി സ്റ്റേ ചെയ്തത്. 

കര്‍ണാടക ഹൈക്കോടതിയുടെ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പുകവലിക്കുന്നയാള്‍ മാത്രമല്ല, കുടുംബാംഗങ്ങളും സമൂഹവും അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിവിധിയുടെ ആനുകൂല്യം പുകയില ഉത്പന്ന നിര്‍മാതാക്കള്‍ മുതലെടുക്കുമെന്നും അദ്ദേഹം വാദിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ മറുഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പ് 50 ശതമാനം ഭാഗത്തേക്കാക്കി ഇടക്കാലത്തേക്ക് നിശ്ചയിക്കണമെന്നും പിന്നീടു വിഷയത്തില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെയും കേന്ദ്രം എതിര്‍ത്തു.

ഹെല്‍ത്ത് ഫോര്‍ മില്ല്യണ്‍സ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയുടേതുള്‍പ്പെടെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിവിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയിലെത്തിയത്. പുകയില ഉത്പന്നങ്ങളുടെ പാക്കറ്റില്‍ 85 ശതമാനം ഭാഗത്ത് ചിത്രം സഹിതം ആരോഗ്യമുന്നറിയിപ്പ് നല്‍കണമെന്ന 2014ലെ ചട്ട ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണിതെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad