Type Here to Get Search Results !

Bottom Ad

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ശനിയാഴ്ച്ച സമാപനം


ഷാര്‍ജ: നിത്യേന ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി ഒരുദിവസം മാത്രം.

ആദ്യത്തെ അഞ്ചുദിവസംകൊണ്ട് ഏഴരലക്ഷത്തോളം പേരാണ് പുസ്തകോത്സവനഗരിയില്‍ എത്തിയത്. വാരാന്ത്യ അവധിയുടെ തുടക്കമായ വ്യാഴാഴ്ച വൈകീട്ടുമുതല്‍ വന്‍ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്. വെള്ളി, ശനി ദിവസങ്ങളിലും ഈ തിരക്ക് ആവര്‍ത്തിക്കാനാണ് സാധ്യത. ആ തിരക്കിലാണ് പുസ്തകശാലക്കാരും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്.

ഓരോ ദിവസവും ഒട്ടേറെ പ്രശസ്തരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് മേളയില്‍ അതിഥിയായി എത്തിയത്. വിവിധ രാജ്യക്കാരായ അതിഥികളാണ് അവര്‍ എന്നതിനാല്‍ മേളയിലാകെ വിവിധ രാജ്യക്കാരും വന്നെത്തി. പുസ്തകങ്ങളുടെ വിന്യാസവും പ്രദര്‍ശനവും ആ വൈവിധ്യത്തിന്റെ നേര്‍ചിത്രമായിരുന്നു. 

മലയാളത്തില്‍നിന്ന് നിരവധി പ്രശസ്തരാണ് ഇത്തവണയും എത്തിയത്. പ്രവൃത്തിദിനമായിട്ടും ബുധനാഴ്ച രാത്രി നടന്‍ ഇന്നസെന്റിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ബാള്‍റൂമില്‍ ജനം തടിച്ചുകൂടി.

വെള്ളിയാഴ്ച കാവ്യസന്ധ്യയാണ് പ്രധാനപരിപാടി. കവി ആലങ്കോട് ലീലാകൃഷ്ണനും അനില്‍ പനച്ചൂരാനുമാണ് പ്രധാന അതിഥികള്‍. വ്യാഴാഴ്ച രാത്രി സി. രാധാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി എന്നിവര്‍ സംബന്ധിച്ച ചടങ്ങും വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു. സി. രാധാകൃഷ്ണന്റെ എഴുത്തുജീവിതത്തെ കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച. ദിവസവും നിരവധി മലയാളപുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെട്ടു. ശനിയാഴ്ച രാത്രിവരെ ഇത്തരം ചെറിയ ചടങ്ങുകള്‍ വിവിധ വേദികളിലായി നടക്കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad