Type Here to Get Search Results !

Bottom Ad

ഡി.ആർ.എം സന്ദർശനം കഴിഞ്ഞും ആശങ്കകൾ തീരുന്നില്ല; സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്


ഉപ്പള :(www.evisionnews.co)ചൊവ്വാഴ്ച ഉപ്പളയിലെത്തിയ പാലക്കാട് ഡി.ആർ.എം നരേഷ് ലാൽവാനിയുടെ സ്റ്റേഷന്റെ തരംതാഴ്ത്തലുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് ശേഷവും കമ്മിറ്റി ഉന്നയിച്ച ആശങ്കകൾ ഇപ്പോഴും നിലനിക്കുന്നുവെന്ന് സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഡി.ആർ.എം സ്റ്റേഷനെ ഐ.ബി.എസിലേക്ക് മാറ്റുന്നതിനെ കുറിച്ച് വിശേഷിപ്പിച്ചത് തരംതാഴ്ത്തൽ അല്ല മറിച്ചു സാങ്കേതികമായ ഉയർച്ചയാണെന്നാണ്.

ഐ.ബി.എസ് സംവിധാനത്തിലേക്ക് മാറ്റുന്നതോടെ സ്റ്റേഷനിൽ നിലവിലുള്ള സ്റ്റേഷൻമാസ്റ്റർമാരടക്കം പത്തോളം വരുന്ന റെയില്‍വേ ജീവനക്കാരെ മാറ്റി പകരം ഒരു സ്വകാര്യ ബുക്കിംഗ് ഏജന്‍റിനെ നിയമിക്കാനാണ് റെയില്‍വേ ഉദ്ദേ ശിക്കുന്നത്. സ്റ്റേഷന്‍ മാസ്റ്ററെ ഉപ്പളയില്‍ നിന്ന് മാറ്റുന്നത് തന്നെ ഒരു തരംതാഴ്ത്തല്‍ നടപടിയായി കമ്മിറ്റി വിലയിരുത്തുന്നു. സ്റ്റേഷന്‍ മാസ്റ്ററെ മാറ്റുന്നത് മൂലം ഒരുപാട് പ്രശ്നങ്ങളാണ് ഉടലെടുക്കാന്‍ പോകുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു. ബുക്കിങ്ങ് ഏജന്‍റിന് ഒരുപാട് പ്രവര്‍ത്തന പരിമിതികളുണ്ടെന്നും തന്നെയുമല്ല, ഏജന്‍റ് സ്വകാര്യ വ്യക്തിയായതിനാല്‍ ജോലിയോടുള്ള ഉത്തരവാദിത്ത ബോധം  കുറവായിരിക്കുമെന്നും കമ്മിറ്റി ആക്ഷേപിക്കുന്നു. ഇത് വരെ സംയമന പാത പിന്തുടര്‍ന്ന കമ്മിറ്റി ഇനിയങ്ങോട്ട് പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതായി കമ്മിറ്റി അംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ  സൂചന നല്‍കി. കമ്മിറ്റി ചെയര്‍മാനായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, കണ്‍വീനര്‍ അസീം മണിമുണ്ട, ട്രഷറര്‍ രമണന്‍ മാസ്റ്റര്‍, മറ്റു ഭാരവാഹികളായ അലി മാസ്റ്റര്‍, മുഹമ്മദ് റഫീക്ക് കെ.ഐ, മുഹമ്മദ് നാഫി എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍തഥികളടക്കമുള്ള ആയിരത്തില്‍പ്പരം യാത്രക്കാരുടെ സീസണ്‍ ടിക്കറ്റ് വിതരണം മുടങ്ങുന്നതടക്കമുള്ള പ്രശ്നങ്ങളാണ് ഏജന്‍റിനെ നിയമിക്കുക വഴി ഉണ്ടാകാന്‍ പോകുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. കമ്മിറ്റിയുടെ ആശങ്ക സാധൂകരിക്കുന്ന തരത്തിലാണ് ഐ.ബി.എസിലേക്ക് മാറ്റിയ ജില്ലയിലെ തന്നെ സ്റ്റേഷനുകളുടെ ഇന്നത്തെ സ്ഥിതിവിശേഷം. മേല്‍നോട്ടത്തിന് ആളില്ലാത്തതിനാല്‍ ചില സ്റ്റേഷനുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായതായും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇ  കാറ്റഗറി സ്റ്റേഷനുകളില്‍ സാധാരണഗതിയില്‍ സിഗ്നലിങ്ങ് കൂടാതെ ടിക്കറ്റ് വിതരണം, യാത്രക്കാര്‍ക്ക് ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കല്‍, ശുചിത്വം തുടങ്ങി സ്റ്റേഷന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും മേല്‍നോട്ടം   ‍സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ്. ഐ.ബി.എസിലേക്ക് മാറുന്നത് വഴി സിഗ്നലിങ്ങ് ജോലി മാത്രം മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നു. ടിക്കറ്റ് വിതരണം ഭാഗികമായി പുതുതായി വരുന്ന ബുക്കിംഗ് ഏജന്‍റ് ചെയ്യുന്നു. വിദ്യാര്‍ത്ഥികുടെ സീസണ്‍ ടിക്കറ്റ് വിതരണടക്കമുള്ള ബാക്കി സേവനങ്ങളും ഇല്ലാതാകുന്നു. ഇതായിരിക്കാം കമ്മിറ്റിയെ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ മാസം സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുടക്കമുള്ള യാത്രക്കാരുടെ സീസണ്‍ ടിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി കമ്മറ്റിയുടെ കീഴില്‍ 6 ദിവസം നീണ്ട സീസണ്‍ ടിക്കറ്റ് ഹെല്‍പ്പ് ഡെസ്ക്ക് സേവനം നടത്തിയിരുന്നു. നിലവില്‍ സീസണ്‍ ടിക്കറ്റ് വിതരണം കാര്യക്ഷമമല്ലാതിരുന്നിട്ടു കൂടിയും റെയില്‍വേ അധികൃതര്‍ നടത്തുന്ന ഈ പുതിയ നീക്കത്തെ കമ്മിറ്റി ശക്തമായി വിമര്‍ശിച്ചു.

ഡി.ആര്‍.എം ന് സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങളായ സ്റ്റേഷന്‍റെ പടിഞ്ഞാര്‍ ഭാഗത്തേക്കുള്ള ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ യാത്രാക്ളേശത്തിനുള്ള പരിഹാരത്തിനായുള്ള മേല്‍പ്പാലം/അടിപ്പാത, റിസര്‍വേഷന്‍ കേന്ദ്രം തുടങ്ങിയ ആവശ്യങ്ങളിന്‍ മേല്‍ ഡി.ആര്‍.എം മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചതുമില്ല. നിലവില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ‍ കാസര്‍കോട് അല്ലെങ്കില്‍ മംഗലാപുരം റിസര്‍വേഷന്‍ സെന്‍ററില്‍ ചെന്നു വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍.

കൂടാതെ മഞ്ചേശ്വരവും കുമ്പളയും തമ്മിലുള്ള യാത്രാദൂരം 18 കിലോ മീറ്ററാണ്. അതായത് ഉപ്പളയെ ഐ.ബി.എസ് അഥവാ ഇലക്ട്രോണിക് സിസ്റ്റത്തിലൂടെയുള്ള സിഗ്നലിങ്ങിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഇതു വഴി കടന്നു പോകുന്ന തീവണ്ടികള്‍ മാന്വല്‍ അഥവാ സ്റ്റേഷന്‍ മാസ്റ്ററുടെ നേരിട്ടുള്ള സിഗ്നലിങ്ങിലൂടെയല്ലാതെ 18 കിലോ മീറ്റര്‍ സഞ്ചരിക്കണം. പാലക്കാട് ഡിവിഷനു കീഴിലെ ഏറ്റവും ദൂരമേറിയ ഐ.ബി.എസ് സംവിധാനമായിരിക്കും ഇത് വഴി ഉണ്ടാകാന്‍ പോകുന്നത്. ഇവിടെ ഐ.ബി.എസ് സംവിധാനം നിലവില്‍ വരികയാണെങ്കില്‍ ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ എത്ര കണ്ട് കാര്യക്ഷമമാണെന്ന് കണ്ടറിയണം.

Post a Comment

0 Comments

Top Post Ad

Below Post Ad