പെരുമ്പള: (www.evisionnews.co)40 വർഷക്കാലം പെരുമ്പള ഗ്രാമത്തിൽ പോസ്റ്റുമാനായി പ്രവർത്തിച്ച് ജനങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങി വിരമിച്ച കെ ശശിധരൻ നായർക്ക് ഗ്രന്ഥശാലാ പ്രവർത്തകരും ജനപ്രതിനിധികളും കുട്ടികളും ചേർന്ന് ഹൃദ്യമായ അനുമോദനം നൽകി. ഏറ്റവും വലിയ പോസ്റ്റ് ഓഫീസുകളിൽ ഒന്നായ പെരുമ്പള മുഴുവൻ അന്നും ഇന്നും കാൽനടയായി മാത്രം സഞ്ചരിച്ച് പരാതികളില്ലാതെ സേവനം ചെയ്ത കെ ശശിധരൻ നായർ ഒരു മാതൃകയാണ്. പെരുമ്പള കുണ്ടടുക്കത്തെ എ കെ ജി വായനശാല ആൻഡ് ഗ്രന്ഥാലയവും ബാലകൈരളി ബാലവേദിയും സംയുക്തമായി കോളിയടുക്കം സ്കൂളിൽ നടത്തിയ സ്വീകരണയോഗത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക്- ജില്ലാ- സംസ്ഥാന മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
കെഎസ്ടിഎ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി ഗോവിന്ദൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറും വായനശാല പ്രസിഡന്റുമായ എൻ വി. ബാലൻഅധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിനോദ്കുമാർ പെരുമ്പള അതിഥികളെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ വി ഗീത, മുൻ മെമ്പർ എ നാരായണൻ നായർ, രക്ഷാധികാരി ഇ മനോജ്‌കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി വിജയൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, സുരേഷ്‌മണി, ടി ശശിധരൻ കൈരളി, ടി ശശിധരൻ ദേളി എന്നിവർ പ്രസംഗിച്ചു. കെ ശശിധരൻ നായർ മറുപടി പ്രസംഗം നടത്തി. എസ്.വി അശോക് കുമാർ സ്വാഗതവും എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
Post a Comment
0 Comments