Type Here to Get Search Results !

Bottom Ad

പള്ളത്തൂര്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു; ദേലംപാടി നിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു

കാസർകോട്:(www.evisionnews.co)ദേലംപാടി  ഗ്രാമ പഞ്ചായത്ത് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. അപകടാവസ്ഥയിലായ പള്ളത്തൂര്‍ പാലത്തിന് പകരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചതോടെയാണ് മലയോര ഗ്രാമത്തിന് സ്വപ്ന സാഫല്യമാകുന്നത്. ദേലംപാടിയെ കര്‍ണാടകത്തിലെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. കൈവരികളില്ലാത്ത നിലവിലുള്ള പാലം മഴക്കാലത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ് വഴികാണുവാന്‍ കഴിയാത്ത രീതിയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മഴക്കാലത്ത് ഈ പാലത്തില്‍ അപകടത്തില്‍പ്പെട്ട് എ എസ് ഐ മരിച്ചിരുന്നു. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 7.58 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. രണ്ടുവരി ഗതാഗതത്തിന് സൗകര്യമാകുംവിധം ഏഴര മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്.വശങ്ങളില്‍ നടപ്പാതയുമുണ്ടാകും. 
പളളത്തൂര്‍-അഡൂര്‍-പാണ്ടി റോഡ് പുനരുദ്ധാരണപ്രവൃത്തിക്ക്  മൂന്നുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതു മാസത്തിനുള്ളതില്‍ പൂര്‍ത്തിയാക്കും. 
 ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍,  നെട്ടണിഗെ മൂടന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശങ്കരി ഭണ്ഡാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം  എ.പി ഉഷ, ദേലംപാടി  ഗ്രാമപഞ്ചായത്ത് അംഗം  സുഹൈബ്, കുമ്പള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ്  എ ചന്ദ്രശേഖരന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പങ്കെടുത്തു. പൊതുമരാമത്ത്‌വകുപ്പ് നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ മുസ്തഫ ഹാജി സ്വാഗതവും പി ഡബ്ല്യു ഡി എക്‌സി. എഞ്ചിനീയര്‍ ബി റിയാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad