Type Here to Get Search Results !

Bottom Ad

കുവൈത്തിലെ സ്വര്‍ണക്കടകളില്‍ വീണ്ടും കൃത്രിമ സ്വര്‍ണം കണ്ടെത്തി


കുവൈത്ത് സിറ്റി : (www.evisionnews.co)  കുവൈത്തിലെ സ്വര്‍ണക്കടകളില്‍നിന്ന് വീണ്ടും കൃത്രിമ സ്വര്‍ണം പിടികൂടി. മുബാറകിയ, അല്‍ റായ് മേഖലകളിലെ കടകളില്‍നിന്നാണ് ആറ് കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. യഥാര്‍ഥ സ്വര്‍ണത്തിന്റെ നിരക്ക് പ്രകാരം 80,000 ദിനാര്‍ വില വരും. തൂക്കം വര്‍ധിപ്പിക്കാന്‍ യഥാര്‍ഥ സ്വര്‍ണാഭരണങ്ങളുടെ ഉള്‍വശങ്ങളില്‍ വില കുറഞ്ഞ വസ്തുക്കള്‍ ചേര്‍ത്തു നിര്‍മിച്ച ആഭരണങ്ങളാണു പിടികൂടിയത്. അല്‍ റായിയിലെ ഒരു കടയില്‍നിന്ന് കഴിഞ്ഞാഴ്ചയും സമാന രീതിയിലുള്ള കൃത്രിമ സ്വര്‍ണം പിടികൂടിയിരുന്നു. നിയമവിധേയമല്ലാത്ത രീതിയില്‍ ലാഭം കൊയ്യാന്‍ കൃത്രിമ സ്വര്‍ണം വില്‍പന നടത്തിവരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

സ്വര്‍ണക്കടകളില്‍ ഉപയോഗിക്കുന്ന തൂക്കുയന്ത്രത്തിന്റെ ആധികാരികത, സ്വര്‍ണത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളുടെ അനുപാതം എന്നിവ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കി വരുന്നതായി വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. ഈ ലക്ഷ്യവുമായി സ്വര്‍ണക്കടകളില്‍ പരിശോധന ശക്തമാക്കിയിട്ടുമുണ്ട്. കൃത്രിമ സ്വര്‍ണം കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതുതരം വഞ്ചനയില്‍നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് നിയമലംഘകര്‍ക്കെതിരെയുള്ള നടപടികളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആഭരണങ്ങളില്‍ ഉപയോഗിച്ച സ്വര്‍ണം ശുദ്ധമാണെന്ന് ഉറപ്പുവരുത്തും. രാജ്യത്തിനകത്തു നിര്‍മിച്ചവയാണെങ്കിലും ഇറക്കുമതി ചെയ്തതാണെങ്കിലും നിയമം അനുശാസിക്കുന്ന പരിശുദ്ധി സ്വര്‍ണത്തിന് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad