കാസര്‍കോട് (www.evisionnews.co): ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന മാനസീക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ഉപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനവും 258പേര്‍ക്ക് വൈകല്യ സൗഹൃദഭവനം അനുവദിക്കുന്നതിന്റെ ഭാഗമായി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും തിങ്കളാഴ്ച നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒമ്പതര മണിക്ക് ജില്ലാ പഞ്ചായത്ത് പരിസരത്ത് നടക്കുന്ന പരിപാടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ താക്കോല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ദാനം പി കരുണാകരന്‍ എം.പി നിര്‍വഹിക്കും. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഓര്‍ത്തോട്ടിക് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയും പുല്ലൂര്‍ പെരിയ സി.എച്ച്.സി ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം.എല്‍.എയും ബഡ്സ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എയും നിര്‍വഹിക്കും.
ടോക്കിംഗ് ലൈബ്രറി താക്കോല്‍ദാനവും ബഡ്്സ് ടീച്ചര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണവും സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനനും മാനേജിംഗ് ഡയറക്ടര്‍ കെ മൊയ്തീന്‍ കുട്ടിയും നിര്‍വഹിക്കും. എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ജില്ലാ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
2010-11 വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി എന്‍.പി.ആര്‍.പി.ഡി കര്‍മ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്നുണ്ട്. കേള്‍വിയില്ലാത്തവര്‍ക്കായി ശ്രവണ സഹായികള്‍, ബു്ദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കാഴ്ചയില്ലാത്തവര്‍ക്കും പഠനോപകരണങ്ങള്‍, വൈറ്റ്കെയിന്‍, ടോക്കിംഗ് കമ്പ്യൂട്ടര്‍, തയ്യല്‍ മെഷീനുകള്‍, കൃത്രിമ അവയവങ്ങള്‍, പെട്ടിക്കട തുടങ്ങി നിരവധി സഹായങ്ങള്‍ പദ്ധിത മുഖാന്തിരം നല്‍കുന്നുണ്ട്. ശാരീരിക വൈകല്യം ബാധിച്ചവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളും പദ്ധതിയുടെ ഭാഗമായി നല്‍കിവരുന്നു. 81 സ്‌കൂട്ടറുകള്‍, 616 ഹിയറിംഗ് ഉപകരണങ്ങള്‍, 256 സഹായ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. പത്രസമ്മേളനത്തില്‍ എന്‍.പി.ആര്‍.പി.ഡി ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ടന്റ് ഷിജി എന്നിവരും പങ്കെടുത്തു.

Post a Comment
0 Comments