ഷംസുദ്ദീന്‍ ഹുദവി ചേരൂര്‍
സി.എം ഉസ്താദെന്ന സുവര്‍ണ്ണനക്ഷത്രം അസ്തമിച്ചിട്ട്് സഫര്‍ 30ന് എട്ടുവര്‍ഷം തികയുന്നു. കേരള ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത കൊലപാതകത്തിന്റെ കേസന്വേഷണം നിയമവ്യവസ്തയെത്തന്നെ കൊഞ്ഞനം കുത്തുമ്പോഴും ചര്‍ച്ചകള്‍ മുഴുവന്‍ കേസിനെപ്പറ്റി മാത്രമാകുമ്പോഴും സി.എം എന്ന രണ്ടക്ഷരത്തിലറിയപ്പെട്ട ഒരു വിസ്മയ ജീവിതത്തെപ്പറ്റി അല്‍പമെങ്കിലും അയവിറക്കേണ്ടത് ഉത്തര കേരളത്തിലെ ഏതൊരു മനുഷ്യന്റെയും ആവശ്യമാണ്.
ഈമാനിക പ്രഭയില്‍ കത്തിജ്വലിച്ച് നിന്ന കെടാവിളക്കിനെ ഇരുട്ടിന്റെ മറവിലാരോ ഊതിക്കെടുത്തിയിട്ട് ആണ്ട് എട്ട്തികയുമ്പോള്‍ ഓര്‍മകളില്‍ തിരയടങ്ങുന്നില്ല, പതിവിന് വിപരീതമായി മയ്യിത്തിനെ ആദരപൂര്‍വം വെള്ളത്തിന് മുകളില്‍ താങ്ങി നിര്‍ത്തിയ ചെമ്പരിക്കയിലെ അറബിക്കടലിന്റെ തിരമാലകളെപ്പോലെ നിലയ്ക്കാതെ അലതല്ലുകയാണത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ അതുല്യ ജീവിതത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ ഒടുങ്ങാത്ത അലകളായി മനസ്സില്‍ വന്നടിക്കുകയാണ്. ചില ഓര്‍മകളങ്ങനെയാണ്. പഴകുന്തോറുമതിന് വീര്യം കൂടിവരും. ജീവതമതാണ്, ചില യാഥാര്‍ത്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചുപോകുമെങ്കിലും അല്‍പം അനിവാര്യതകള്‍ അംഗീകരിച്ചേ മതിയാകൂ. അതെ, ഉസ്താദ് നമ്മോട് വിടവാങ്ങി. പറയാനുമറിയാനും പഠിക്കാനും സ്മരിക്കാനും ആ വലിയ ജീവിതത്തില്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട്. മഹാവിസ്മയം എന്ന് അക്ഷരം തെറ്റാതെ കണ്ടവര്‍ പറഞ്ഞു പോകുന്ന ആ മഹാവ്യക്തിയെ അടുത്തറിയേണ്ടത് ജാതി മത ഭേദമന്യേ നാമോരോരുത്തരുടെയും ബാധ്യതയാണ്.
വിസ്മയമായിരുന്നു സി.എം
ഇവിടെ പലരും ജീവിത ലക്ഷ്യമായി കാണാറുള്ള കാര്യങ്ങളോരോന്നും സി.എം ഉസ്താദിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമായിരുന്നു. പ്രയാസമേറിയതാണെങ്കിലും പണ്ഡിതനാവുക എന്നത് പലരുടെയും ലക്ഷ്യമാണ്. ജീവിതാവസാനമാവുമ്പോഴേക്കും ആ ലക്ഷ്യത്തിലവര്‍ വിജയിച്ചെന്നുമിരിക്കും. അതില്‍ തന്നെ പ്രാസംഗികനാവുക, ക്ലാസെടുക്കുക, മികച്ചൊരു കര്‍മ്മ ശാസ്ത്ര വിദഗ്ദനാവുക, ഖാസിയാവുക തുടങ്ങിയ വലിയ പുരോഗതിയിലെത്തിയാല്‍ അത് തന്നെ മതി ഒരു സമൂഹത്തെ മുഴുവന്‍ നേര്‍വഴി കാണിക്കാന്‍, അത് മാത്രം മതി ജീവിതം തന്നെ ഒരു സേവനമാക്കി മാറ്റാന്‍...
പക്ഷെ സി.എം എന്ന അല്‍ഭുത പ്രതിഭയ്ക്ക് ഇതെല്ലാം ആയിക്കഴിഞ്ഞിട്ടും ഒന്നുമായില്ലെന്ന മട്ടായിരുന്നു. പിന്നീടും വിശ്രമമില്ലാത്ത നിരവധി മേഖലകള്‍...നല്ലൊരു എഴുത്തുകാരനായി. ഗ്രന്ഥകാരനായി. അതിലുപരി ഏറെ ശ്രമകരമായ അറബിക് കവിയായി, സാഹിത്യകാരനായി. ബഹുബാഷ പണ്ഡിതനായി. മിക്കവരും മടിക്കുന്ന, അല്ലങ്കില്‍ മനസിലാക്കാന്‍ പ്രയാസമുള്ള സാമ്പത്തിക ശാസ്ത്രത്തിലും മികച്ചവനായി. ഏവരും വെറുക്കുന്ന, ബുദ്ധിരാക്ഷസരുടെ മാത്രം സ്ഥലമായ കണക്കിലെ തല തൊട്ടപ്പനായി. ഇതൊക്കെ ഒന്നിച്ച് എങ്ങനെ സാധിക്കുമെന്ന് നാം അല്‍ഭുതപ്പെടുമ്പോഴും എന്നിട്ടും ഇവയേതുമായിരുന്നില്ല ഉസ്താദിന്റെ ലക്ഷ്യം..!
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമുള്ള, ആരും കടന്നുചെല്ലാത്ത ഗോളശാസ്ത്രമെന്ന വലിയൊരു ലോകത്തെ തീവ്രപരിശ്രമങ്ങള്‍, കണ്ടെത്തലുകള്‍, സമൂഹത്തിന്ന് സമര്‍പ്പിച്ച അമൂല്യ സംഭാവനകള്‍, പഠനങ്ങള്‍ അതായിരുന്നു ഉസ്താദിന്റെ പ്രധാന കാര്യങ്ങളില്‍ ഒന്ന്. അതിലും പ്രധാനം വിദ്യഭ്യാസമായിരുന്നു, തന്റേതല്ല, സമൂഹത്തിന്റെ മുഴുവന്‍. അതായിരുന്നു ആ പ്രതിഭയുടെ ജീവിതലക്ഷ്യം! അതിനു വേണ്ടി രണ്ടു സ്ഥാപനങ്ങളുടെ സ്ഥാപകനുമായി.. അതായിരുന്നു ഏറ്റവും ഭാരിച്ച ദൗത്യം എല്ലാം ഒരേയൊരാള്‍!
ഒരു മനുഷ്യന്‍ പ്രയാസമേറിയ വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുക, എല്ലാറ്റിലും മികച്ചവനാകുക, എല്ലാം ഭൗതിക ലാഭം ഒന്നും ലഭിക്കാത്ത കാര്യങ്ങളില്‍ മാത്രമാവുക, സമൂഹത്തിന് വേണ്ടി സ്വയം മറന്ന് സര്‍വ്വവും സമര്‍പ്പിക്കുക! ഇത് അല്‍ഭുതമല്ലാതെ മറ്റെന്താണ്.! വിസ്മയം എന്ന വാക്കിന് അര്‍ത്ഥം കണ്ടത് സി.എം ഉസ്താദിലാണ്. അതെ നിരവധി പേരുടെ ജീവിതമായിരുന്ന്ു ഉസ്താദ് ഒറ്റക്ക് ജീവിച്ചത്. അനവധി പേരുടെ സേവനമായിരുന്നു ഉസ്താദ് ഒറ്റക്ക് ചെയ്തത്.
ജീവിതം സമ്പൂര്‍ണ സമര്‍പണമായിരുന്നു, ദീനിന്, സമുദായത്തിന്, സര്‍വ്വോപരി വിദ്യാഭ്യാസത്തിന്. വിജ്ഞാനത്തിന് വേണ്ടിയുള്ളതായിരുന്നു ആ വലിയ മനുഷ്യന്റെ കഠിനാധ്വാമത്രയും. 'ഉത്തരമലബാറിന്റെ നവോത്ഥാനനായകന്‍' എന്ന വിശേഷണം വെറും അലങ്കാരമായിരുന്നില്ല, പൂര്‍ണാര്‍ത്ഥത്തില്‍ ഈയൊരു മനുഷ്യനോട് ചേര്‍ന്നതായിരുന്നു. അതായിരുന്നു സി എം ഉസ്താദ്.
കേരളത്തിന്റെ സൗഭഗ്യമായിരുന്നു ഉസ്താദ്. എല്ലാം തികഞ്ഞൊരു പണ്ഡിതന്‍. നടപ്പിലും ഇരിപ്പിലും ഈമാനിന്റെ സ്പര്‍ശനം. സൗമ്യതയായിരുന്നു ഉസ്താദിന്റെ മുഖമുദ്ര. കഠിനാധ്വാനമായിരുന്നു ജീവിത പാഠം. ലാളിത്യത്തിന്റെ സൗകുമാര്യത ഓരോ നടപ്പിലും കാത്തുസൂക്ഷിച്ചു. ത്യാഗസന്നദ്ധതയായിരുന്നു കൈമുതല്‍. ഏഴുപതിറ്റാണ്ട് കവിഞ്ഞ ആ ജീവിത വിശേഷണങ്ങള്‍ക്ക് ഭാഷകള്‍ മതിയാവുന്നില്ല. മരണശേഷം സമയമൊരുപാടുണ്ടെന്ന് കരുതിയാവും, ആ വന്ദ്യഗുരു സപ്തതി കഴിഞ്ഞിട്ടും വിശ്രമിക്കാന്‍ കൂട്ടാക്കാത്തത്. സ്വയം ഉരുകിയൊലിച്ച് തീരുമ്പോഴും ചുറ്റും വെളിച്ചം പകരുന്ന മെഴുകുതിരിയായിരുന്നു അവിടം. ആ മഹാജ്ഞാനി ഉത്തരകൈരളിയുടെ വരദാനമായിരുന്നു.
അശരണരുടെ ആശ്രയം, ജനങ്ങളുടെ നേതാവ്
തര്‍ക്കങ്ങളിലെ അന്തിമവാക്കായിരുന്നു സി എം ഉസ്താദ്. ചെമ്പരിക്ക പ്രശ്‌നങ്ങളുടെ പരിഹാരകേന്ദ്രമായിരുന്നു. അത്‌കൊണ്ടായിരിക്കാം ആ നാട് കാസര്‍കോട്ടെ പാണക്കാടെന്ന് വിളിക്കപ്പെട്ടത്. നൂറിലധികം മഹല്ലുകളുടെ ഖാസിസ്ഥാനം വഹിച്ചിട്ടും എവിടെയും കോലാഹലങ്ങള്‍ ഉണ്ടായിരുന്നില്ല. അത്രയ്ക്കും ബുദ്ധിപൂര്‍വ്വവും ശക്തവുമായിരുന്നു അവിടത്തെ ഓരോ വിധിതീര്‍പ്പുകളും. ആധികളും വേവലാതികളും ആ വിസ്മയ വദനത്തിലെ തെളിഞ്ഞ പുഞ്ചിരിയില്‍ അലിഞ്ഞ് പോവുമായിരുന്നു. ആ തേജസ്സാര്‍ന്ന മുഖകാന്തിക്ക് മുമ്പില്‍ തര്‍ക്കങ്ങള്‍ മഞ്ഞുരുകി. തന്നിലേക്ക് വന്നെത്തുന്ന ഏത് പരാധികളും ഭാവഭേദങ്ങളില്ലാതെ കേട്ടിരിക്കും. എന്നിട്ടൊരു തീരുമാനം. അവിടെ മറുവാക്കിന് സ്ഥാനമില്ലായിരുന്നു മലപോലെ വന്നതെന്തും മഞ്ഞുപോലെയാക്കാന്‍ പ്രത്യേക സിദ്ധിയായിരുന്നു ഉസ്താദിന്.
ചെമ്പരിക്ക സംയുക്ത ജമാഅത്തിന്റെ ഖാസിയായി തുടരുന്നതിനിടെ മംഗലാപുരത്തും ആ സ്ഥാനം തേടിയെത്തി. മാസങ്ങള്‍ക്കുള്ളില്‍ ഈമാനിന്റെ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന പൂമുഖം കണ്ട് അവിടമാകെ ഉസ്താദ് വ്യാപിച്ചു. കാരണം എല്ലാവര്‍ക്കും വേണമായിരുന്നു തങ്ങളുടെ സ്വന്തം 'ഖാസിയാര്‍ച്ച'യെ. ആ സൂഫിവര്യന്‍ ഞങ്ങളുടെ കൂടി നേതാവാണെന്ന് പറഞ്ഞ് അഭിമാനിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. സര്‍വസമ്മതനായിരുന്നു ഉസ്താദ്. അവിടെ ദേശമോ ഭാഷയോ മതമോ വിഭാഗീയതകളോ വിഷയമായിരുന്നില്ല. ജനകീയ നേതാവായിരുന്നു സി.എം എന്ന മഹാ വിസ്മയം! അത് കൊണ്ടായിരുന്നു കിഴൂരിലെ പാണന്‍ കാരണവര്‍ക്ക് പടച്ചവന്‍ കഴിഞ്ഞുള്ള തമ്പുരാനായി ഉസ്താദ് മാറിയത്..! ഉസ്താദിന്റെ കാറ് പോകുമ്പോള്‍ വഴിവക്കിലിരിക്കുന്ന ഹൈന്ദവസഹോദരങ്ങള്‍ പോലും എഴുന്നേറ്റു നിന്ന് ബഹുമാനം കാട്ടിയതും വെള്ളം മന്ത്രിക്കാന്‍ അവര്‍ ഓടിവന്നതും ഉസ്താദിനെ അവര്‍ അതിരറ്റ് സ്‌നേഹിച്ചത് കൊണ്ടായിരുന്നു.
അനുപമവ്യക്തിത്വം, കറകളഞ്ഞ ആദര്‍ശം
ഒരുറുമ്പിനെ പോലും നോവിക്കാനറിയില്ലായിരുന്നു ആ മഹാനുഭാവന്. ആരോടും ദേശ്യമുണ്ടായിരുന്നില്ല. ശത്രുക്കളോട് പോലും മുഖം തിരിച്ച് നിന്നില്ല. പകരം ഒരു പുഞ്ചിരിമാത്രം. വെറുക്കാനറിയില്ലായിരുന്നു ആ ലോലഹൃദയന്. നിരവധി വലിയ സ്ഥാനങ്ങള്‍ സംഘടകളില്‍ വഹിച്ചപ്പോഴും ആരേയും കുറ്റം പറഞ്ഞില്ല. എതിരാളികള്‍ക്കെതിരെ കയര്‍ത്ത് സംസാരിക്കുകയോ പക്ഷപാതം കാട്ടുകയോ ചെയ്തില്ല. കാരണം ചതിയും കുതന്ത്രവും വശമില്ലായിരുന്നു ആ നിഷ്‌കളങ്കന്.
എന്നാല്‍ ആദര്‍ശത്തില്‍ അണുകിട വ്യതിചലിക്കാന്‍ ഒരുക്കമല്ലായിരുന്നു ഈ ധീരപോരാളി. സമസ്തയായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തനഗോഥ. കാര്യലാഭത്തിന് വേണ്ടി അവസരത്തിനൊത്ത് നിറം മാറാന്‍ ആ തഖ്‌വയുള്ള ഹൃദയം ഒരുക്കമായിരുന്നില്ല. എല്ലാവരേയും സ്‌നേഹിച്ചു ഉസ്താദ്. അവര്‍ നന്നാകണമെന്ന് മാത്രം ആഗ്രഹിച്ചു. സമസ്തയുടെ പിന്നില്‍ അണിനരക്കണെമെന്ന് ഉപദേശിച്ചു. സുന്നത്ത് ജമാഅത്തിനെ മുറുകെപ്പിടിക്കണമെന്നുണര്‍ത്തി. സമാനതകളില്ലാത്ത തന്റെ ജീവിതത്തിലൂടെ അവര്‍ക്ക് നേരിന്റെ വഴിയെന്തെന്ന് കാണിച്ച് കൊടുത്തു. സമുദായത്തിനകത്ത് ഭിന്നിപ്പും കലഹവും ഉസ്താദ് ഇഷ്ടപ്പെട്ടില്ല.
ആത്മീയതയുടെ ആള്‍രൂപം
അവര്‍ക്കിടയില്‍ രമ്യതയുടെ പാലം തീര്‍ക്കാനാണ് ഉസ്താദ് ശ്രമിച്ചത്. ഒരു ഖാളിയെന്ന നിലയില്‍ സമ്പൂര്‍ണവിജയമായിരുന്നു ഉസ്താദെന്ന് ഇവിടത്തെയോരോരുത്തരും സമ്മതിക്കും. ഖാളിയും സംഘടന നേതാവും തുടങ്ങി അനവധി മേഖലയില്‍ ഉന്നതനായിരുന്നുവെങ്കിലും വിശുദ്ധനും സൂഫിയുമായിരുന്നു ഉസ്താദ്. മഹാനായ പിതാവിന്റെ മഹാനായ പുത്രനെന്ന് ലോകം വിളിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. വിലായത്തിന്റെ പദവിയിലുള്ള ഉന്നത വ്യക്തികളായിരുന്നു ഉസ്താദിന്റെ മുന്‍തലമുറ. വഫാത്തിന് ശേഷം അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പോറലുമേല്‍ക്കാതെ കിടന്ന അവരുടെ മയ്യിത്ത് കണ്ടവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അഞ്ചോളം തലമുറകളുടെ മാത്രമേ ചരിത്രം രേഖകളില്‍ കാണപ്പെടുന്നുള്ളൂവെങ്കിലും തിരുനബിയുടെ സ്വഹാബത്തിലേക്ക് ചെന്നത്തുന്നതാണ് സി എം ഉസ്താദിന്റെ വംശപരമ്പര.
സുകൃതംനിറഞ്ഞ ആ തറവാട്ടുമഹിമ ഉസ്താദിന്റെ ജീവിതത്തിലുടനീളം നിഴലിച്ചു കാണാമായിരുന്നു. ദീനിന്റെ വിധവിലക്കുകളില്‍ പരിപൂര്‍ണ്ണ നിഷകര്‍ഷത പുലര്‍ത്തിയ മഹാന്‍ വളരെ വലിയ വറഅിന്റെ (സൂക്ഷമത)യുടെ ആള്‍രൂപമായിരുന്നു. അത് കൊണ്ടാണല്ലോ വീട്ടില്‍ സ്റ്റപ്പപ്പ് വെച്ച് വൈദ്യുതി വോള്‍ട്ടേജ് കൂട്ടിയാല്‍ അത് അന്യന്റെ അവകാശം അപഹരിക്കലാകുമെന്ന് ചിന്തിക്കാന്‍ ഉസ്താദിനെ പ്രേരിപ്പിച്ചത്. നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പിനും മറ്റുമായി വിത്യസ്ത ആള്‍ക്കാരുമായി ഇടപാടുകളും മറ്റും നടത്തേണ്ടി വന്നിട്ടും ജീവിത വിശുദ്ധിക്ക്, സര്‍വ്വോപരി സാമ്പത്തിക വിശുദ്ധിക്ക് ഒരു കളങ്കവുമേല്‍ക്കാതെ നോക്കാന്‍ ഉസ്താദിന് കഴിഞ്ഞുവെന്നത് തന്നെ വിസ്മയിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അപൂര്‍വം ചില അനുഗ്രഹീത വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ അത് സാധ്യമാകൂ. അതായിരുന്നു സി എം എന്ന പുണ്യം ചെയ്ത മനുഷ്യന്‍.
ഇങ്ങനെയും ഒരു മനുഷ്യന്‍!
ഇത്രയേറെ സ്ഥാനമാനങ്ങളുണ്ടായിട്ടും തോളിലേറ്റി നടക്കാന്‍ ചുറ്റും ആളുകളുണ്ടായിട്ടും ഉസ്താദ് അതൊന്നും ശ്രദ്ധിച്ചില്ല. സമുദായ പുരോഗതിയും വിദ്യാഭ്യാസ വിപ്ലവവും മാത്രമായിരുന്നു മനസില്‍. എന്നും എളിമയുള്ള മനുഷ്യനായിരുന്നു ഉസ്താദ്. ഉയര്‍ച്ചയിലും താഴ്ചയിലും തന്റെ വ്യക്തിപ്രഭാവത്തിന് അല്‍പം പോലും മാറ്റം സംഭവിച്ചില്ല. ഒരു വലിയ മനുഷ്യന് ഇങ്ങനെയും ജീവിക്കാന്‍ കഴിയുമോയെന്ന് അത്ഭുതം കൂറിയവരായിരുന്നു ശിഷ്യന്മാരായ ഞങ്ങളോരോരുത്തരും. ഉസ്താദ് പ്രന്‍സിപ്പാളായ എം ഐ സി ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ പത്തോളം വര്‍ഷം പഠിക്കാന്‍ കഴിഞ്ഞുവെന്നതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യമെന്ന് എന്റെ സഹപാഠികളായഓരോരുത്തരും ഉറപ്പിച്ച് പറയും. അറിവിന്റെ ആദ്യവാചകങ്ങള്‍ ഉസ്താദില്‍ നിന്ന് കേട്ട് പഠനയാത്ര തുടങ്ങുമ്പോള്‍ മുതല്‍ മരണം വരെ വിസ്മയിപ്പിക്കുന്ന ജീവിതമായിരുന്നു അവിടെ എല്ലാവരും കണ്ടത്.
അനുഭവങ്ങളൊരുപാടുണ്ട്, അരുമ ശിഷ്യര്‍ക്ക് പറയാന്‍. എം ഐ സിയുള്ള സമയത്ത് വിദ്യാര്‍ത്ഥകളും യതീം കുട്ടികളും ഭക്ഷണം കഴിക്കുന്ന കാന്റീനില്‍ വെച്ച് തന്നെയായിരുന്നു ഉസ്താദും കഴിച്ചിരുന്നത്. 'സ്‌പെഷല്‍ ഭക്ഷണം' ഉണ്ടാക്കി റൂമിലെത്തിച്ച് കൊടുക്കാന്‍ ഉസ്താദ് അനുവദിച്ചിരുന്നില്ല. മറിച്ച് ഞങ്ങളോടൊപ്പം സാധാരണ ഭക്ഷണം. ചിലപ്പോള്‍ തീയും പുകയും അഴുക്കും നിറഞ്ഞ കിച്ചണില്‍ പോയിരുന്ന് വരെ ഭക്ഷണം കഴിക്കും. കുട്ടികള്‍ക്ക് നല്‍കുന്നതില്‍ കൂടുതലൊന്നും തനിക്ക് നല്‍കരുതെന്നും കാന്റീന്‍ ജീവനക്കാരോട് പ്രത്യേകം പറയുമായിരുന്നു.
ഒരു ദിവസം നാസ്തക്ക് ഞങ്ങള്‍ക്ക് കിട്ടിയത് പൂര്‍ണമായും വേവാത്ത ഇഡലി. കുറേ ദിവസമായി തുടരുന്ന കാന്റീന്‍ ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ പുറത്തിറങ്ങി നിന്നു. മാനേജ്‌മെന്റ് ഒന്ന് ശ്രദ്ധിക്കട്ടെ എന്ന്കരുതിയായിരുന്നു അത്. എങ്ങനെയോ വിവരമറിഞ്ഞ് ഉസ്താദ് നേരെ വന്ന് പിന്‍വാതിലിലൂടെ കിച്ചണില്‍ കയറി. ഞെട്ടിപ്പോയ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം ഉടന്‍ അകത്ത് കയറിയിരുന്നു. എല്ലാവരും നിശബ്ദരായി നോക്കിനില്‍ക്കെ പാത്രത്തില്‍ നിന്ന് ഒരു ഇഡലി എടുത്ത് ഉസ്താദ് കഴിച്ചു. എന്നിട്ട് ഒരു വാക്ക് ''അത്രമോശമല്ലല്ലോ ഇന്നത്തേക്ക് അഡ്ജസ്റ്റ് ചെയ്യ്, നമുക്ക് നന്നാക്കാം''. ഇത് കണ്ട ഞങ്ങള്‍ പെട്ടെന്ന് ഭക്ഷണം കഴിച്ചു. പിന്നീട് ഇത്തരം സംഭവങ്ങള്‍ അവിടെ ആവര്‍ത്തിച്ചില്ല. അതായിരുന്നു സി.എം ഉസ്താദ്.
എന്നും അതിരാവിലെ എം.ഐ.സിയില്‍ എത്താറുണ്ടായിരുന്ന ഉസ്താദിന്റെ വസ്ത്രധാരണം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്ചര്യകരമായിരുന്നു. ഉന്നത നേതാക്കള്‍ പങ്കെടുക്കേണ്ട പരിപാടികളിലൊക്കെ മുഖ്യാതിഥി ആയിരുന്നിട്ടു കൂടി പഴകിയ, ഉജാലമുക്കിയ, ഇസ്തിരിയിടാത്ത വസ്ത്രം!
ഉത്തര കേരളത്തില്‍ തന്നോളം പോന്നഒരാളുമില്ലെങ്കിലും വലിയ പരിപാടിക്കൊക്കെ പോകുമ്പോള്‍ ഒരു പച്ച ഷാളെങ്കിലും ഇടണമെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞ് നിര്‍ബന്ധിപ്പിച്ചാല്‍ മാത്രമായിരുന്നു. കിതാബിന്റെ നാലു വരി വായിക്കുമ്പോഴേക്കും അയല് പൊട്ടിവീണപോലെ വിവിധ തരം തുണിത്തരങ്ങള്‍കൊണ്ട് സ്വയം മഹാനെന്ന് പ്രഖ്യാപിക്കുന്ന പണ്ഡിത വേഷധാരികളുടെ ലോകത്ത് സി.എം ഉസ്താദ് ഒരു അല്‍ഭുതം തന്നെയായിരുന്നു.
പുറംമോടികള്‍ അറിയില്ലായിരുന്നു ആ വിനയാന്വിതന്. പ്രകടനപരതയും ഷോ-ഓഫും കൊണ്ട് മാത്രം ജീവിക്കുന്ന, അതില്ലെങ്കില്‍ വിലകുറഞ്ഞുപോകുമെന്ന മൗഢ്യവിചാരം കൊണ്ട് നടക്കുന്ന നേതാക്ക•ാരുടെ കാലത്ത്, അതൊന്നും ശ്രദ്ധിക്കാന്‍ ഉസ്താദിന്ന് സമയമില്ലായിരുന്നു. തഖവ ഉള്ളവര്‍ക്കാണ് അല്ലാഹുവിന്റടുത്ത് സ്ഥാനം എന്ന ഖുര്‍ആനിക വചനമായിരുന്നു ഉസ്താദിന്റെ കൈമുതല്‍. സ്വന്തം മക്കളെപ്പോലെയായിരുന്നു ഉസ്താദിന് തന്റെ വിദ്യാര്‍ത്ഥികള്‍. പൂവിതറും പോലെയുള്ള ആ വാക്കുകള്‍ വല്ലാത്ത ആവേശമായിരുന്നു. അറവിന്റെ അക്ഷയഖനിയില്‍ നിന്ന് നിര്‍ഗളിക്കുന്ന വിജ്ഞാന മുത്തുകളായിരുന്നു അവയോരോന്നും. പ്രായം കൂടുമ്പോഴും ഉസ്താദിന് ചിന്തകളിലും വാക്കുകളിലും ചെറുപ്പമായിരുന്നു. ആ കണ്ണുകളിലെപ്പോഴും ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസ തിളങ്ങിനില്‍ക്കുന്നുണ്ടാകുമായിരുന്നു.
സഅദിയ്യയുടെ സ്ഥാപകന്‍, മലബാറിന്റെ സാരഥി
കാസര്‍കോടിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ സി.എം എന്ന രണ്ടക്ഷരം സൃഷ്ടിച്ച വിപ്ലവങ്ങള്‍ അതിശയകരമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ട ഈ വടക്കന്‍ ജില്ലയില്‍ വലിയൊരു വിജ്ഞാന വിസ്‌ഫോടനമാണ് ചുരുങ്ങിയ കാലം കൊണ്ട് ഉസ്താദ് ഒറ്റക്ക് ഉണ്ടാക്കിയെടുത്തത്. ഇവിടത്തെ ഓരോ പുരോഗതിയിലും ഉസ്താദിന്റെ വിയര്‍പ്പിന്റെ അംശമുണ്ട്. കാസര്‍കോട്ടെ ഏറെക്കുറെ മുഴുവന്‍ ഇസ്‌ലാമിക സംരംഭങ്ങളുടെ മുഖ്യകാര്യദര്‍ശിയും കാസര്‍കോടിന്റെ ആധ്യാത്മിക നേതാവുമായിരുന്നു സി.എം ഉസ്താദ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ 'സഅദിയ്യ' എന്ന പുതിയൊരു പ്രസ്ഥാനം രൂപപ്പെടുത്തിയെടുത്തത് തന്നെ ഉസ്താദിന്റെ ബുദ്ധികൂര്‍മ്മതയുടെയും ദീര്‍ഘദൃഷ്ടിയുടേയും അടയാളപ്പെടുത്തലായിരുന്നു.
ഉസ്താദിന്റെ തലച്ചോറിലായിരുന്നു 'സഅദിയ്യ' എന്ന ഒരാശയം രൂപംകൊണ്ടത്. ദൈവപ്രീതി മാത്രം ലക്ഷ്യം കണ്ട് പുതുവഴി വെട്ടിത്തുറക്കാന്‍ പുറപ്പെട്ടപ്പോള്‍ സഹായത്തിന് ചില നല്ല മനസുകളെ അല്ലാഹു കാണിച്ച് കൊടുത്തു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെപ്പോലുള്ളവരുടെ സഹായത്തോടെ, വലിയ്യും സൂഫിയുമായിരുന്ന പിതാവ് സി. മുഹമ്മദ് മുസ്ലിയാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹത്തോടും കൂടിയായിരുന്നു 'സഅദിയ്യ' എന്ന പുതിയ പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നത്. നാമകരണവും പ്രവര്‍ത്തനങ്ങളും സിലബസും സംവിധാനങ്ങളുമെല്ലാം ഉസ്താദ് ഒറ്റക്ക് നിയന്ത്രിച്ചു. പിന്നീട് പലരെയുമവിടെ കൊണ്ടുവന്ന ഉസ്താദിന് വലിയൊരു കൂട്ടായ്മയുടെ പിന്‍ബലമൊന്നുമവിടെയുണ്ടായിരുന്നില്ല. എങ്കിലും തന്റെ സ്വപ്ന ഭൂമികക്കു വേണ്ടി ചോരനീരാക്കി പ്രവര്‍ത്തിച്ച ്ഫലം കണ്ടു തുടങ്ങിടപ്പോഴാണ് ദൗര്‍ഭാഗ്യകരമായി അവിടെ നിന്നിറങ്ങിപ്പോരേണ്ടി വന്നത്.
തന്റെ ജീവിതാഭിലാഷം കയ്യില്‍ നിന്ന് പോയപ്പോള്‍ ആറ്റ് നോറ്റ് കിട്ടിയ ഓമനക്കുഞ്ഞിനെ അക്രമി സംഘത്തിന് കൈമാറേണ്ടി വന്ന നൊന്ത് പെറ്റ ഉമ്മയുടെ വേദനയായിരുന്നു സി. എം ഉസ്താദിന്. തന്റെ വിയര്‍പ്പു തുള്ളി നനഞ്ഞു വളര്‍ന്ന 'സഅദിയ്യ' ഒരു വടവൃക്ഷമായി മാറുന്ന സമയത്ത് അതിനുള്ള പ്രതിഫലം പടച്ചവന്‍ തന്നെ നല്‍കുകയായിരുന്നു എം.ഐ.സിയിലൂടെ. അവന്റെ സഹായം ഒന്നു കൊണ്ട് മാത്രമായിരുന്നു തെക്കില്‍ മൂസ ഹാജി തന്റെ സ്ഥലം ദാനമായി നല്‍കി അവിടെ വിജ്ഞാന സമുച്ചയം പണിയണമെന്ന് ആവശ്യപ്പെടുന്നത്.
പിന്നീട് വഴികള്‍ പലതും തുറക്കപ്പെട്ടു. വാര്‍ധക്യമെത്തിയിട്ടും ക്ഷീണമില്ലാത്ത മനസ്സുമായി ഉസ്താദ് വീണ്ടും തന്റെ ചിരകാലാഭിലാഷം പൂവണിയാനുള്ള ശ്രമങ്ങളില്‍ മുഴുകി.അങ്ങനെയാണ് കാസര്‍ഗോഡിന് വീണ്ടുമൊരു വിജ്ഞാന കേന്ദ്രം ലഭിക്കാന്‍ ഭാഗ്യമുണ്ടാവുന്നത്. അതാണ് മലബാര്‍ ഇസ്‌ലാമിക കോംപ്ലക്‌സ്. ഒരു കണക്കിന് സഅദിയ്യയുടെ പടിയിറക്കം ഉത്തര കേരളത്തിന് ഒരനുഗ്രഹമായി മാറി. അത് കാരണം നാലു ദിക്കും പ്രസിദ്ധി നേടിയ, രണ്ട് ജ്ഞാന സൗധങ്ങള്‍ കാസര്‍ഗോഡിന് സമ്മാനിക്കാന്‍ ഉസ്താദിനായി. സര്‍വ്വവും സൃഷ്ടാവിലര്‍പ്പിച്ച് ഉസ്താദ് തരിശ് ഭൂമിയില്‍ വിളവെറിഞ്ഞപ്പോള്‍ ആ കാട്ടുപ്രദേശത്ത് പക്ഷികളുടെ കളകൂജനം അറിവിന്റെ ദിവ്യസംഗീതത്തിന് വഴിമാറിക്കൊടുത്തു.
'സമന്വയ'ത്തിന്റെ ശില്‍പി
സമന്വയ വിദ്യാഭ്യാസം ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ചരിത്രത്തിന്റെ ഏതോ സമയത്ത് മതം, ഭൗതികം എന്ന് രണ്ടായി പിരിഞ്ഞ് പോയ വിജ്ഞാന സമ്പാദനത്തെ ഒന്നിച്ച് നിര്‍ത്തി പൂര്‍വ്വ കാല പണ്ഡിത വഴിയിലേക്ക് തിരിച്ച് വിടാനുള്ള ഒരു കഠിന ശ്രമമായിരുന്നു 'സമന്വയ'മെന്ന സങ്കല്‍പം. അതും തികച്ചും അപ്രാപ്യമെന്ന് തോന്നിയിരുന്ന ഒരുകാലത്ത്, 'സമന്വയ'മെന്ന ചിന്ത ഉടലെടുക്കുന്നതിനു മുമ്പ് തന്നെ ആ സ്വപ്ന സാക്ഷാല്‍കാരത്തിനായി സി.എം ഉസ്താദ് ശ്രമങ്ങളാരംഭിച്ചു. മതത്തോടൊപ്പം ഭൗതിക വിദ്യയിലും ആകാശത്തോളമെത്തിയ ഇബ്‌നുസീനയും ഇമാംഗസാലിയും പോലെയാകണം നമ്മുടെ മതപണ്ഡിതരുമെന്നു ഉസ്താദ് ആശിച്ചു. വിജ്ഞാനീയങ്ങളെല്ലാം തന്നെ ദൈവത്തെക്കുറിച്ചറിയാനുള്ള മാര്‍ഗങ്ങളാണെന്ന് വിശ്വസിച്ച സി. എം ഉസ്താദ് വിദ്യാഭ്യാസത്തെ രണ്ടായി വിഭചിക്കാന്‍ അനുവധിച്ചില്ല.
എന്നും ദശാബ്ദങ്ങള്‍ കടന്നു ചിന്തിച്ചിരുന്ന സി.എം ഉസ്താദ് അറുപതുകളില്‍ തന്നെ ഇങ്ങനെ ഒരു ആശയം പ്രായോഗികവല്‍ക്കരിക്കാനുള്ള ആലോചനകളിലായിരുന്നു. മതപണ്ഡിതര്‍ക്കിടയില്‍ 'സമന്വയ'മെന്ന സങ്കല്‍പം തന്നെ അജ്ഞമായിരുന്ന ഒരു കാലത്ത് അത് നടപ്പിലാക്കി കൊണ്ടാണ് സി. എം വിസ്മയിപ്പിച്ചത്. 1971-ല്‍ സഅദിയ്യ സ്ഥാപിച്ചത് മുതലായിരുന്നു 'അറബിക് കോളേജ്' എന്ന് ആശയം തന്നെ ഇവിടെ പ്രചരിച്ച് തുടങ്ങുന്നത്. മതവിദ്യാഭ്യാസത്തിന് ഇങ്ങനെയും ഒരു രീതിയുണ്ടെന്ന് സധൈര്യം ഉസ്താദ് കാണിച്ചു കൊടുത്തു. വര്‍ഷങ്ങള്‍ക്കപ്പുറം ദീര്‍ഘദര്‍ശനം ചെയ്ത് പ്രവര്‍ത്തിക്കാന്‍ സമാന ചിന്താഗതിക്കാരെ കൂടുതലൊന്നും ഉസ്താദിന് കൂടെ കിട്ടിയില്ല. ഒരുതരം ഒറ്റയാള്‍ പോരാട്ടമായിരുന്നു സമന്വയത്തിന് വേണ്ടി ഉസ്താദ് ചെയ്തത്. അപാരമായ ആ ചിന്താശക്തിയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലനമായിരുന്നു 'സഅദിയ്യ'.
മതഭൗതിക സമന്വയ വിദ്യാഭ്യാസം, വടക്കന്‍ കേരളത്തിന്റെ വൈജ്ഞാനിക നവോത്ഥാനം ഇതായിരുന്നു ഉസ്താദിന്റെ ലക്ഷ്യം. അല്ലാഹുവില്‍ മാത്രം അര്‍പ്പിച്ചൊരു ശുദ്ധ മനസ്സ് മാത്രമായിരുന്നു അതിനുള്ള സമ്പാദ്യം. ഉന്നതങ്ങള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച സി. എം ഉസ്താദിന്റെ വഴിയെ പല ചിന്താഗതിക്കാരും പിന്നീട് മുന്നോട്ട് വന്നു. 'സമന്വയ'ത്തിന്റെ വിജയം കണ്ട മാതൃകകള്‍ പലതും (ദാറുല്‍ ഹുദ പോലെ)കേരളത്തില്‍ വേരു പിടിച്ചു. പിന്നീട് ഇതിന്റെ പ്രാധാന്യം മനസിലായപ്പോള്‍ കേരളത്തിലുടനീളം സമന്വയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു.
ഗോളശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍
ആത്മീയഗുരുവും പരമ്പരാഗത പണ്ഡിതശ്രേഷ്ഠനും ആയിരിക്കെ തന്നെ സി. എം എന്ന വിസ്മയം ഒരു ശാസ്ത്രജ്ഞനും സാഹിത്യകാരനുമൊക്കെയായിരുന്നു. ചാലിലകത്തിന് ശേഷം ഗോളശാസ്ത്രത്തില്‍ ഇത്രത്തോളം അവഗാഹം നേടിയ ഒരു ഇസ്‌ലാമിക പണ്ഡിതനെ കേരളം കണ്ടിട്ടില്ല. ഈ വിഷയത്തില്‍ എഴുതിയ ഉസ്താദിന്റെ ലേഖനങ്ങളും ഗ്രന്ഥങ്ങളും തന്നെ മതി 'ഇല്‍മുല്‍ ഫലകി'ല്‍ പാണ്ഡിത്യത്തിന്റെ ആഴമറിയാന്‍.
ഗോളശാസ്ത്രത്തെ കുറിച്ചും അതിന്റെ വിവിധ മാനങ്ങളെ കുറിച്ചും നിരന്തര ഗവേഷണ പഠനങ്ങശ്ക്ക് വേണ്ടിയായിരുന്നു ഉസ്താദ് തന്റെ ജീവിതത്തിത്തിന്റെ അധിക സമയവുമപയോഗിച്ചത്. അതിലുള്ള ജിജ്ഞാസയും ആവേശവും അവസാനം വരെ ഉസ്താദിന് തെല്ലും കുറഞ്ഞിരുന്നില്ല. ഈ വിഷയത്തിലുള്ള എല്ലാ പുസ്തകങ്ങളും പഠനങ്ങളും വരുത്തിച്ച് വായിച്ചും സോഫ്റ്റ് വെയറുകളും ഇന്റര്‍നെറ്റമുപയോഗിച്ചും പഠിക്കുമായിരുന്ന ഉസ്താദിന് ഏറ്റവും താല്‍പര്യമുള്ള മേഖലയും ഇതു തന്നെയായിരുന്നു.
പഠനത്തിന് പ്രായപരിധിയില്ലെന്നും തൊട്ടില്‍ മുതല്‍ കട്ടില്‍ വരെയാണതെന്നും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ജീവിച്ച് കാണിച്ചു തന്നു ആ വന്ദ്യപിതാവ്.തന്റെ പഠനാവശ്യങ്ങള്‍ക്കായി ഉസ്താദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എം. ഐ. സിയില്‍ തന്റെ മുറിക്ക് മുമ്പില്‍ ഒരു നിരീക്ഷണാലയം തന്നെ പണി കഴിപ്പിച്ചിരുന്നു. സ്‌കെയിലും പെന്‍സിലും മാഗ്‌നെറ്റിക് കോംപസും മറ്റു ഉപകരണങ്ങളുമായി അതില്‍ പരീക്ഷണങ്ങള്‍ നടത്തുക ഉസ്താദിന്റെ പതിവായിരുന്നു. വാര്‍ദ്ധക്യമായിട്ട് പോലും ചിലപ്പോള്‍ അതിരാവിലെ വന്ന് അതിനു മുമ്പില്‍ ഒരു ശാസ്ത്രജ്ഞനെ പോലെ സൂക്ഷ്മ നിരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഉസ്താദ് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ആശ്ചര്യ കാഴ്ചയായിരുന്നു. പ്രായം എഴുപത് കഴിഞ്ഞിട്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ ജിജ്ഞാസയോടെ പഠനത്തില്‍ മുഴുകിയിരിക്കുന്നത് പലപ്പോഴും കണ്ണുമിഴിച്ച് നിന്നു പോയിട്ടുണ്ട്. ഈ മനുഷ്യനെ എന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്.
തന്റെ നിരീക്ഷണങ്ങള്‍ വഴി ഗോളശാസ്ത്രത്തില്‍ പുതിയ കണ്ടെത്തലുകള്‍ വരെ ഉസ്താദ് നടത്തിയിട്ടുണ്ടെന്ന കാര്യം പലരും അറിയാതെ പോയി. വടക്കുനോക്കി യന്ത്രത്തില്‍ കാണിക്കുന്ന വടക്ക് യഥാര്‍ത്ഥ വടക്കല്ലെന്നുള്ളത് ഉസ്താദിന്റെ കണ്ടുപിടുത്തമായിരുന്നു. കാലാന്തരങ്ങളില്‍ അതിനു സംഭവിക്കുന്ന സ്ഥലവ്യതിയാനത്തെ വിശദീകരിച്ച് അറബിയിലും ഇംഗ്ലീഷിലും ഉസ്താദ് ഗ്രന്ഥരചന വരെ നടത്തിയിട്ടുമുണ്ട്. അത് കൊണ്ടായിരിക്കാം ഒരു മതപണ്ഡിതനായിരുന്നില്ലെങ്കില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടൊരു ശാസ്ത്രജ്ഞനാകുമായിരുന്നു ഉസ്താദ് എന്ന് പറയപ്പെടുന്നത്.
തന്റെ ശ്രമഫലമായി രൂപപ്പെടുത്തി എടുത്ത നിസ്‌കാര സമയം അനുസരിച്ചാണ് ഇന്ന് ഉത്തരമലബാറിലെ ഓരോ പള്ളികളിലും ബാങ്ക് മുഴങ്ങുന്നത്. നിലയ്ക്കാത്ത പ്രതിഫലമായി അവസാന നാള്‍ വരെ ഉസ്താദിന് അത് കിട്ടിക്കൊണ്ടിരിക്കുന്നു.
സാഹിത്യകാരന്‍ കൂടി ആയിരുന്നു സി. എം ഉസ്താദ്. പഴയ കാലത്ത് തന്നെഅദ്ദഅ്‌വ മാഗസിനിന്റെ ചീഫ് എഡിറ്ററായിരുന്ന ഉസ്താദ് നിരന്തരം വിവിധ പഠന വിഷയങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളെഴുതിയിരുന്നു. മാലയും മൗലിദും രചിച്ചതോടെ ഉസ്താദ് ഏറെ ശ്രമകരമായ അറബിക് കവിതയിലും തന്റെ കഴിവ് തെളിയിച്ചു. വിവിധ വിഷയങ്ങളിലായി വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങളെഴുതിയപ്പോള്‍ വിവര്‍ത്തനങ്ങളും തന്റെ രചനയില്‍ കടന്നുവന്നു. അതേ സമയം മികച്ച സംഘാടകനും പ്രഭാഷകനും നേതാവുമൊക്കെയായിരുന്നു സി. എം ഉസ്താദ്.പഴയ കാലങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന പ്രഭാഷണ പരമ്പരകള്‍ക്ക് നേതൃത്വം നല്കിയിരുന്ന സി.എം ഉസ്താദിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ വന്‍ജനാവലി തടിച്ചുകൂടുമായിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
കാലത്തിന് മുമ്പേ നടന്ന പണ്ഡിതന്‍
പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ക്ക് ചെന്നെത്താനാവാത്തതെന്ന് തോന്നിച്ച മേഖലകളിലൊക്കെ സ്വന്തം പരിശ്രമം കൊണ്ട് ഉസ്താദ് എത്തിച്ചേര്‍ന്നു. കാലേക്കൂട്ടി സമന്വയ വിദ്യാഭ്യാസത്തിന്റെ ആവിശ്യകത മനസ്സിലാക്കിയത് പോലെ അപാരമായ ദീര്‍ഘ വീക്ഷണമായിരുന്നു ഉസ്താദിന്റെ ഊര്‍ജ്ജം. ഇസ്‌ലാമിക് ബേങ്കിങ്ങിനെപ്പറ്റി വലിയ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്ന കാലമാണിതെങ്കില്‍ നാലു പതിറ്റാണ്ടു മുമ്പ് ആ വിഷയത്തില്‍ ക്ലാസുകള്‍ വരെ എടുത്തിരുന്നു സി. എം ഉസ്താദ്. ഗ്രൂപ്പ് ഡിസ്‌കഷനും ഡിബേറ്റും മനുഷ്യന്റെ ഇന്റലക്ച്വല്‍ പൊട്ടന്‍ഷ്യല്‍ അളക്കാനുള്ള പുതിയ കണ്ടുപിടുത്തമായി അംഗീകരിക്കപ്പെടുന്ന കാലമാണിപ്പോഴെങ്കില്‍ നാല്‍പതാണ്ടുകള്‍ക്ക് മുമ്പ് തന്നെ സഅദിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ പാര്‍ലമെന്റും ജി.ഡിയും ഉസ്താദ് പദ്ധതിയിട്ടിരുന്നുവെന്നത് ഒരത്ഭുത സത്യമാണ്. വിവിധ ഭാഷകള്‍ വശമായിരുന്ന ഉസ്താദിനെ മംഗലാപുരം ഖാളി സ്ഥാനമേറ്റെടുത്തപ്പോഴാണ് ജനങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. 'തലയ്‌ക്കെട്ട് കെട്ടിയ പഴഞ്ചനായസുന്നീ മതപണ്ഡിതന്‍' ഇംഗ്ലീഷില്‍ നന്നായി പ്രസംഗിച്ചപ്പോള്‍ ജനം കോരിത്തരിച്ച് പോയി.
എല്ലാവര്‍ക്കും എന്നും കീറാമുട്ടിയായി തുടരുന്ന മാത്തമാറ്റിക്‌സില്‍ ഉസ്താദ് രണ്ടറ്റം കണ്ടിരുന്നു. സങ്കീര്‍ണ്ണമായ ലോഗരിതവും അല്‍ഗോരിതവും ട്രിഗ്‌നോമെട്രിയും മറ്റുമായിരുന്നു ഉസ്താദിന്റെ തട്ടകം. അതില്‍ ഉസ്താദ് ചെയ്ത ഒരു 'ഇക്വേഷന്‍' ശരിയാണോ എന്ന് അന്വേഷിക്കാന്‍ ബി. എസ്. സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികളെ വിളിപ്പിച്ചിട്ട് അവര്‍ക്ക് മനസ്സിലാവാതെ എല്‍. ബി . എസ് എഞ്ചിനീയറിംഗ് കോളേജിലേക്ക് കൊണ്ടു പോയി ശരിയെന്ന് ഉറപ്പിച്ച സംഭവം വരെ ഉസ്താദിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.! ഇതു തന്നെ മതിയാവും സി. എം എന്ന അത്ഭുതപ്രതിഭാസത്തെ അല്‍പമെങ്കിലും അറിയാന്‍, ആ ബുദ്ധികേന്ദ്രത്തിന്റെ ശക്തിയും വലിപ്പവും മനസ്സിലാക്കാന്‍.
2000 ത്തിന്റെ തുടക്കത്തില്‍ തന്നെ എം. ഐ. സിക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് വേണമെന്ന് ഉസ്താദ് ആലോചിച്ചിരുന്നു. പിന്നീട് പലകാരണങ്ങളാല്‍ അത് മുടങ്ങിയെങ്കിലും ഇന്ന് എല്ലാവരുടെയും ആശ്രയമായ ഗൂഗിള്‍ പോലും ആരംഭിച്ചത് 2004-ാണെന്നറിയുമ്പോള്‍ ആരും അന്തിച്ചു പോവും.
അറിയുന്തോറും കൂടുതലറിയാന്‍ തോന്നുന്ന ആ ഇതിഹാസ പുരുഷനെ ഇരുളിലാരോ ഇല്ലായ്മ ചെയ്തു. ദാരുണം! മൃഗീയം! എന്ന് ലോകം രോദനം കൊണ്ട സമയം. നട്ടുച്ചക്കിരുട്ടായ ദിവസം. ഹൃദയം സ്തംഭിച്ച് ലോകം നിശ്ചലമെന്ന് തോന്നിയ നേരം. എല്ലാം അവസാനിച്ചെന്ന് കരുതി നിയന്ത്രണമില്ലാതെ പൊട്ടിക്കരഞ്ഞ നിമിഷം.! ആ വാര്‍ത്തയുടെ അത്യാഘാധത്തില്‍ നിന്ന് ഇന്നും പലരും മുക്തരായിട്ടില്ല. മനുഷ്യനായി പിറന്നവന് അത് കഴിയുമോ? അവരുടെ ഹൃദയത്തിന്റെ കാഠിന്യമോര്‍ത്ത് ചെമ്പരിക്കയിലെ കടുക്കല്ലുകള്‍ നാണിച്ചിരിക്കുമോ? അന്ന് ആ കറുത്ത തിങ്കളാഴ്ച അന്തരീക്ഷം വിറങ്ങലിച്ചു നിന്നു. പിറ്റേന്ന് ചെറുശേരി ഉസ്താദിന്റെ നേതൃത്വത്തില്‍ അവസാന മയ്യിത്ത് നിസ്‌കാരം നടക്കുമ്പോള്‍ മുമ്പില്‍ അറബിക്കടല്‍ ആര്‍ത്തട്ടഹസിച്ചു അലറിവിളിക്കുന്നുണ്ടായിരുന്നു, കണ്ട കാഴ്ചകള്‍ താങ്ങാനാവാതെ.സര്‍വ്വരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു,നേതാവിന്റെ വിയോഗം താങ്ങാനാവാതെ.
അറിവിന്റെ ആ നിധികുംഭത്തെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ ശപിക്കപ്പെട്ട കാപാലികര്‍ ആ നിഷ്ഠൂര കൃത്യം ചെയ്യുമ്പോള്‍ പുണ്യപൂമുഖമൊന്ന് കണ്ടിട്ടുണ്ടാവില്ല. ഏതിരുട്ടത്തും പൗര്‍ണമിപോലെ തിളങ്ങുന്ന ഈമാന്‍ തുടിക്കുന്ന ചന്ദ്രപ്രഭയുള്ള വദനം ഒരു നിമിഷാര്‍ധം അവര്‍ കണ്ടിരുന്നുവെങ്കില്‍ അവര്‍ക്കതിന് കഴിയുമായിരുന്നില്ല, അവരെത്ര കാരിരുമ്പിന്റെഹൃദയമുള്ളവരാണെങ്കിലും.
ഒന്നുറപ്പാണ്. ആസമയം അവരുടെ ക്രൂരഹൃദയം നിലച്ചിരുന്നിരിക്കും. അതെ, മിടിക്കുന്ന ഹൃദയമുള്ളവര്‍ക്ക് അതിന് കഴിയില്ല. അമൂല്യമായത് അപൂര്‍വമാണ്. പടച്ച റബ്ബിന് സര്‍വ്വവും സമര്‍പിച്ച് ജീവിച്ച അപൂര്‍വ വ്യക്തിത്തത്തെ അവന്‍ തന്റെ ഇഷ്ടദാസരുടെ രീതിയില്‍ മടക്കിവിളിച്ചു, ശഹീദിന്റെ ഉന്നതപദവി നല്‍കി അനുഗ്രഹിച്ച് കൊണ്ട്. ഓര്‍മകള്‍ മരിക്കുന്നില്ല. തങ്ങളുടെ സ്വന്തം ഖാസിയാര്‍ച്ചയെ ആദരവിന്റെ ചില്ലുകൊട്ടാരത്തിലിട്ട് സ്‌നേഹിക്കും, എല്ലാവരും എന്നും.അവിടന്ന് നടന്ന് തീര്‍ത്ത പാതകളിലൂടെ നടക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. നാഥന്‍ തുണക്കട്ടെ..

Post a Comment
0 Comments