
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ 19 കുഞ്ഞുങ്ങളുടെ ഫോട്ടോ എടുത്ത് ആധാറില്‍ എന്റോള്‍ ചെയ്തു. ഇന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നവജാത ശിശുക്കളെ ആധാറില്‍ ചേര്‍ക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്നുള്ള സമയങ്ങളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആഴ്ചയില്‍ ഒരു ദിവസം ഇത്തരത്തില്‍ എന്റോള്‍ ചെയ്യും.കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ ലഭിക്കുന്നതോടെ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകുമെന്നും കളക്ടര്‍ പറഞ്ഞു.
ജനിച്ച് 42 ദിവസംവരെ പ്രായമായ കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരത്തില്‍ ആധാര്‍ നല്‍കുന്നത്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം രക്ഷിതാക്കളുടെ ആരുടെയെങ്കിലും ആധാര്‍ വിവരങ്ങളും വിരലടയാളവും രേഖപ്പെടുത്തും. ഈ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസായി ആധാര്‍ വിവരങ്ങള്‍ ലഭിക്കും. പിന്നീട് കുഞ്ഞിന്റെ പേരിടല്‍ കഴിഞ്ഞ് അക്ഷയ കേന്ദ്രങ്ങളിലെത്തി പേര് ചേര്‍ക്കാം. അഞ്ച് വയസുവരെ കുഞ്ഞുങ്ങളുടെ വിരലടയാളം, കൃഷ്ണമണികള്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ല.
ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ.രാജാറാം, ആര്‍എംഒ പ്രിയ തോമസ്, ഡോ.കെ.എം. വെങ്കിടഗിരി, ഉപ്പള അക്ഷയ സംരംഭകന്‍ അബ്ദുള്‍ റസാഖ് മീഞ്ച, അക്ഷയ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സന്തോഷ്‌കുമാര്‍, ജനറല്‍ ആശുപത്രി കിയോസ്‌ക്ക് ഓപ്പറേറ്റര്‍ പി.വി.ശ്രീജ എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments