മഞ്ചേശ്വരം (www.evisionnews.co): ഐല മൈതാന ഭൂമി സംഘര്‍ഷ ഭൂമിയെന്ന പ്രതീതി സൃഷ്ടിച്ച് മംഗല്‍പാടി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്താനിരുന്ന മത്സരങ്ങള്‍ പൊലീസ് ഇടപെട്ട് തടഞ്ഞത് വിവാദമാകുന്നു. ഇന്നലെയാണ് വടംവലി, കബഡി എന്നീ മത്സരങ്ങള്‍ ഐലമൈതാനിയില്‍ നടക്കേണ്ടത്. എന്നാല്‍ മത്സരങ്ങളുടെ അനുമതിക്കായി പഞ്ചായത്ത് മഞ്ചേശ്വരം പൊലീസിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് സംഘര്‍ഷം നടക്കാന്‍ സാധ്യത ഉണ്ടെന്ന് ചൂണ്ടികാട്ടി പൊലീസ് അനുമതി നിഷേധിച്ചത്. പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കായിക മത്സരത്തിന് അനുമതി നിഷേധിച്ചു പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതേ ഭൂമിയില്‍ നേരത്തെ എസ്.ഡി.പി.ഐ, വി.എച്ച്.പി എന്നീ സംഘടനകള്‍ക്ക് പരിപാടി നടത്താന്‍ പൊലീസ് അനുമതി നല്‍കുകയും ചെയ്തിരുന്നു.
പഞ്ചായത്തിന്റെ ഗ്രേസിംഗ് ഭൂമിയായ ഐല മൈതാനത്തില്‍ സര്‍വേ നമ്പര്‍ 186 ല്‍ 6.4 ഏക്കര്‍ ഭൂമിയാണ് നിലവിലുള്ളത്. ഈ ഭൂമി ലീസിനോ പാട്ടയത്തിനോ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് ഐല ക്ഷേത്ര ഭാരവാഹികള്‍ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതിന് അനുകൂല നിലപാടെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ഈ ഭൂമി സംഘര്‍ഷ അവസ്ഥയാണെന്ന പ്രചാരണം നടത്താന്‍ തുടങ്ങിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം കുമ്പള സി.ഐ, മഞ്ചേശ്വരം എസ്.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരുകയും ഐല മൈതാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് റവന്യൂ മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ ഈ മാസം അവസാനത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തുരുമാനിക്കുകയും ചെയ്തിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Post a Comment
0 Comments