Type Here to Get Search Results !

Bottom Ad

സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഐഎസ് നീക്കം തകര്‍ത്തു


റിയാദ് : (www.evisionnews.co) സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കം സൗദി സേന തകര്‍ത്തു. 2ഭീകരരെ വധിച്ചു. അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച റിയാദില്‍ മൂന്നു സ്ഥലത്തുനടത്തിയ റെയ്ഡിലാണ് പ്രതിരോധ മന്ത്രാലയം ആക്രമിക്കാന്‍ പദ്ധതിയിട്ട ഭീകരരെ വധിച്ചത്. സൗദിയില്‍ പുതിയതായി രൂപീകരിച്ച പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ചു കഴിഞ്ഞ മാസമാണ് സുരക്ഷാ സേനയ്ക്കു സൂചന ലഭിക്കുന്നത്. രണ്ടുവീതം യെമന്‍, സൗദി പൗരന്മാരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണമാണ് സൗദിയിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്.
ഭീകരന്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ റിയാദിലെ അല്‍ റിമലിലെ കെട്ടിടത്തില്‍ സുരക്ഷാ സേന പരിശോധന നടത്തിയവെ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കെട്ടിടത്തിലായിരുന്നു ചാവേറുകള്‍ക്കു ധരിക്കാനുള്ള ബോംബുകള്‍ ഘടിപ്പിക്കാവുന്ന പ്രത്യേക വസ്ത്രവും മറ്റു സ്‌ഫോടക വസ്തുക്കളും നിര്‍മിച്ചിരുന്നത്. രണ്ടാമത്തെ ഭീകരനെ പടിഞ്ഞാറന്‍ ജില്ലയായ അല്‍ - നമാറിലെ അപ്പാര്‍ട്‌മെന്റില്‍ സൈന്യം വധിക്കുകയായിരുന്നു. ഇവിടെ ഇയാള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി കണ്ടെത്തി. മൂന്നമത്തെ റെയ്ഡ് നടന്നത് തെക്കന്‍ റിയാദിലെ അല്‍ ഘനാമിയ എന്ന പ്രദേശത്താണ് നടന്നത്. ഇവിടത്തെ കുതിരലായം ഐഎസിന്റെ ആസ്ഥാനം പോലെയാണു പ്രവര്‍ത്തിച്ചിരുന്നതെന്നും ഔദ്യോഗിക ടിവി അറിയിച്ചു. ഇവിടെനിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ഇവയ്‌ക്കൊപ്പം കത്തിയമര്‍ന്ന കാറിന്റെ ചിത്രവും ആദ്യ ഭീകരന്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും ടിവിയില്‍ കാണിച്ചു. അതേസമയം, കൊല്ലപ്പെട്ടവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad