കാസർകോട് :(www.evisionnews.co)ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടന്നുവന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി. ജില്ലാഭരണകൂടം, ആരോഗ്യവിദ്യാഭ്യാസവകുപ്പുകള്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, എക്‌സൈസ് വകുപ്പ്, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരാഴ്ചയായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. സമാപനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ അപൂര്‍വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നുദിവസത്തെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, വിവിധവകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധിജിയുടെ ജന്മനക്ഷത്രവൃക്ഷമായ നാഗപൂമരത്തൈ കളക്ടറേറ്റില്‍ നട്ടു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ് ജില്ലാതല ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ഇതോടനുബന്ധിച്ച് അപൂര്‍വ ഔഷധച്ചെടികള്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ ഔഷധത്തോട്ടം ഒരുക്കുന്നതിനും തുടക്കമായി. ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, പ്രബന്ധ രചനാ മത്സരം, ഗാന്ധിജിയെക്കുറിച്ചുള്ള കവിതാലാപനമത്സരം, പെയിന്റിംഗ് മത്സരങ്ങള്‍ ഗാന്ധിസംഗീതസദസ്സ് എന്നിവ നടത്തി. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി ബദിയടുക്ക പഞ്ചായത്തില്‍ സീതാംഗോളിക്കടുത്ത് ധര്‍ബത്തടുക്ക പട്ടികവര്‍ഗ കോളനിയില്‍ ശുചീകരണവും ആരോഗ്യബോധവല്‍ക്കരണവും മെഡിക്കല്‍ക്യാമ്പും നടത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ അഹിംസാപ്രഭാഷണവും സംഗീത സദസും നടത്തി.

Post a Comment
0 Comments