Type Here to Get Search Results !

Bottom Ad

കാസര്‍കോട് സബ് കോടതി വജ്രജൂബിലി വിപുലമായി ആഘോഷിക്കും

N-A-Nelllikunnuകാസര്‍കോട് :(www.evisionnews.co) കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി വിപുലമായി ആഘോഷിക്കുന്നു. കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപികരണയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ആറുമാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷം നവംബറില്‍ തുടങ്ങി എപ്രില്‍ വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ആഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമസാക്ഷരത ക്ലാസുകള്‍ സംഘടിപ്പിക്കും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണ് ലക്ഷ്യം. കൂടാതെ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവ നടത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കും. ആഘോഷങ്ങളുടെ ഉദ്ഘാനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പില്‍ സ്ഥാപിക്കും. മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കോടോത്ത് നാരായണ്‍ നായരുടെ മക്കളും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ചേര്‍ന്നാണ് ഗാന്ധി പ്രതിമ സംഭാവനയായി നല്‍കുന്നത്. വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്‌സില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ റഫന്‍സ് ലൈബ്രററി സ്ഥാപിക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രാരംഭ ഘട്ടമായി പുസ്തകങ്ങള്‍ നല്‍കും. ഉന്നത പഠനത്തിന് ശ്രമിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലൈബ്രററിയാണ് ലക്ഷ്യമെന്ന് സബ് ജഡ്ജ് പി.ടി പ്രകാശന്‍ പറഞ്ഞു. സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ലൈബ്രററിക്ക് ആവശ്യമായ പുസ്തകങ്ങളും സഹായങ്ങളും സ്വീകരിക്കും. എല്ലാവര്‍ക്കും ഉപകരിക്കുന്നതരത്തിലുള്ള ബാര്‍ അസോസിയേഷന്‍ കോംപ്ലക്‌സ് സ്ഥാപിക്കുവാനും ശ്രമിക്കും. പ്രത്യേക സുവനീറും പ്രസിദ്ധീകരിക്കും.

വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. സംഘാടക സമിതിയുടെ വര്‍ക്കിംഗ് ചെയര്‍മാനായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യെ തെരഞ്ഞെടുത്തു. ജില്ലാ ജഡ്ജ് എസ്.മനോഹര്‍ കിണിയാണ് ചെയര്‍മാന്‍. എം.എല്‍.എമാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, മുന്‍ എംഎല്‍എ അഡ്വ.സിഎച്ച്.കുഞ്ഞമ്പു എന്നിവരായിരിക്കും രക്ഷാധികരികള്‍. കുടുംബ കോടതി ജഡ്ജി എ.കൃഷ്ണന്‍കുട്ടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.കെ സുധാകരന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ അഡ്വ.ഐ.വി ഭട്ട്, അഡ്വ.എം.നാരായണ ഭട്ട്, അഡ്വ.കെ.എം ഭട്ട്, അഡ്വ.യു.എസ് ബാലന്‍, എഡിഎം: എച്ച്.ദിനേശന്‍, അഡ്വ.അഡൂര്‍ ഉമേഷ് നായ്ക്, ഡിവൈഎസ്പി:പി.ജ്യോതികുമാര്‍ വൈസ് ചെയര്‍മാന്മാരായിരിക്കും. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എ.എന്‍.അശോക് കുമാറാണ് ജനറല്‍ കണ്‍വീനര്‍.

രൂപീകരണ യോഗത്തില്‍ എഡിഎം:എച്ച്.ദിനേശന്‍, സബ് ജഡ്ജ് പി.ടി പ്രകാശന്‍, ഡിവൈഎസ്പി: പി.ജ്യോതികുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി ജയരാജന്‍, ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ സുധാകരന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പി.രാഘവന്‍, ജില്ലാ കോടതി ശിരസ്തദാള്‍ പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ന്യായാധിപന്മാർ , ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ  വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad