ജിദ്ദ: (www.evisionnews.co)വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ കേരളത്തിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുന്നതിന് നായക സ്ഥാനത്തുനിന്ന് പ്രവർത്തിച്ച നേതാവാണ് സി.എച്ച് മുഹമ്മദ് കോയ എന്ന് ചന്ദ്രിക പത്രാധിപർ സി.പി സൈതലവി പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ നേട്ടമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രൂപീകരണത്തെയാണ് സി.എച്ച് എണ്ണിയിരുന്നത്. സി.എച്ച് കൊച്ചിൻ സാങ്കേതിക സർവകലാശാല സ്ഥാപിക്കുമ്പോൾ സമാനമായ ഒന്ന് ഏഷ്യയിൽ എവിടെയും ഇല്ലായിരുന്നു. അമേരിക്ക സന്ദർശിച്ച് യൂണിവേഴ്‌സിറ്റി സംബന്ധമായ പഠനങ്ങൾ നടത്തി സി.എച്ച് അവതരിപ്പിച്ചപ്പോൾ അച്യുതമേനോൻ പോലും അത്ഭുതപ്പെട്ടു. സർവകലാശാല രൂപീകരണ യോഗത്തിൽ തന്റെ എതിർ പക്ഷത്തു നിൽക്കുന്ന മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയോട് താങ്കൾ വി.സിയാകണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം സ്തംഭിച്ചു പോയി എന്നാണ് ചരിത്രം. അർഹതയുള്ളവരെ രാഷ്ട്രീയം നോക്കാതെ അംഗീകരിക്കാനുള്ള സി.എച്ചിന്റെ മനസ്സ് ശത്രുക്കളെ പോലും മിത്രങ്ങളാക്കി- സി.പി വിശദീകരിച്ചു.
1967ൽ സി.എച്ച് സ്‌കോളർഷിപ്പ് നൽകിയ പെൺകുട്ടികളുടെ പേരക്കുട്ടികളാണ് ഇന്ന് മെഡിക്കൽ എഞ്ചിനീയറിങ് പരീക്ഷകളിൽ റാങ്കുകൾ വാങ്ങിക്കൂട്ടുന്നത്. വനിതാ വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടം നടത്തുന്നതിന് സ്‌കോളർഷിപ്പ് പദ്ധതി സഹായകമായി. വിഭജനത്തിനു ശേഷം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ട മുസ്‌ലിംകൾക്ക് ഈ രാജ്യം തങ്ങളുടേതാണെന്നും മറ്റുള്ളവർക്കുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുമുണ്ടെന്നും ബോധ്യം നൽകാൻ സി.എച്ചിന്റെ പ്രസംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഗൾഫ് സ്വപ്‌നങ്ങൾ അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് എന്തായിരിക്കുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. 1973ൽ സി.എച്ച് ഗൾഫിൽ വന്നപ്പോൾ കോൺക്രീറ്റ് വീടുകളുടെ അകത്തളങ്ങളിൽ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നത് ഞാൻ ഭയപ്പെടുന്നു എന്ന് പ്രസംഗിച്ചത് അതുകൊണ്ടാണ്. പ്രവാസികൾ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ മുൻഗണന നൽകണമെന്ന് സി.എച്ച് ഉണർത്തി. ഹൈദരാബാദിൽ സി.എച്ച് നടത്തിയ അവസാന പ്രസംഗത്തിലും പ്രവാസികളുടെ കാര്യം പരാമർശിക്കപ്പെട്ടു- സി.പി സൈതലവി പറഞ്ഞു. ഡോ. ഇസ്മാഈൽ മരിതേരി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജമാൽ വട്ടപ്പൊയിൽ, മുജീബ് മാസ്റ്റർ, ശംസു കട്ടൂപാറ, മൊയ്തീൻ കുട്ടി തെന്നല ആശംസ നേർന്നു. അൻവർ ചേരങ്കൈ, പി.എം.എ ജലീൽ, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, സി.കെ ഷാക്കിർ സംബന്ധിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും മജീദ് പുകയൂർ നന്ദിയും പറഞ്ഞു.

Post a Comment
0 Comments