കൊച്ചി : (www.evisionnews.co) എം. ജി റോഡിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാന്‍ ഒരു വമ്പന്‍ പദ്ധതി അണിയറയില്‍ സജീവമാകുന്നു. മെട്രോ റെയില്‍ മഹാരാജാസ് കോളേജ് വരെ എത്തിയ സാഹചര്യത്തിലാണ് എം. ജി റോഡിനെ ഒരു മുഖ്യ ബിസിനസ് ഹബ്ബായി മാറ്റുന്നതിനുള്ള ബ്രഹദ് പദ്ധതിയുടെ ആലോചനകള്‍ സജീവമായത്. പദ്മ ജംഗ്ഷന്‍ മുതല്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തു, വടക്കേ അറ്റം വരെയുള്ള ഏകദേശം നാലേക്കറോളം വരുന്ന സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കുന്നതാണ് പദ്ധതി. ഇവിടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ, വിപുലമായ കൊമ്മേര്‍ഷ്യല്‍, ഓഫീസ്, അപര്‍ട്‌മെന്റ് കോംപ്ലക്‌സ് ഒരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രാരംഭ പഠനം നടത്തുന്ന ജോലികള്‍ കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനം തുടക്കമിട്ടിരിക്കുകയാണ്. 1000 കോടി രൂപ മതിപ്പ് ചെലവ് വരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ആലോചനയാണ് ഇപ്പോഴുള്ളതെന്നു പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന നഗര വികസന രംഗത്തെ ഒരു പ്രമുഖ പ്രൊഫഷണല്‍ പറഞ്ഞു. ഇപ്പോള്‍ പ്രാരംഭ ദിശയിലുള്ള പദ്ധതിക്ക് മുന്നില്‍ ഒട്ടേറെ കടമ്പകളുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും താമസക്കാരും ഈ ഭാഗത്തുണ്ട്. ഇവയില്‍ വലിയ ഉയരത്തിലുള്ളതും താരതമ്യേന പുതിയതുമായ കെട്ടിടങ്ങള്‍ നിലനിര്‍ത്തി മറ്റുള്ളവ ഏറ്റെടുത്താണ് ഇത് നടപ്പാക്കുക. ഏറെ പഴക്കമേറിയ ഒറ്റ നില, ഇരു നില കെട്ടിടങ്ങളും വീടുകളും മറ്റും പൊളിച്ചു മാറ്റി ഏഴോ, എട്ടോ നിലകളുള്ള ആധുനിക വ്യപാര -ഓഫീസ് - റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സാണ് ലക്ഷ്യം. ഏറ്റവും ആധുനികമായ വ്യപാര സ്ഥാപനങ്ങളായിരിക്കും താഴത്തെ രണ്ടു നിലകളില്‍. മറ്റു നിലകളില്‍ ഓഫീസുകളും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകളുമായിരിക്കും. ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളുള്ളവര്‍ക്ക് പുതിയ ഹബ്ബില്‍ കൂടുതല്‍ സ്ഥലവും സൗകര്യങ്ങളും നല്‍കും. താമസക്കാര്‍ക്ക് അപ്പാര്‍ട്‌മെന്റുകളും അനുവദിക്കുവാനാണ് പ്ലാന്‍. സ്ഥലം വിട്ടുകൊടുക്കുവാന്‍ താല്പര്യപെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കുന്നതും ആലോചനയിലുണ്ട്. ബാങ്ക് ശാഖകള്‍, എ. ടി. എം കൗണ്ടറുകള്‍, മണി എക്‌സ്‌ചേഞ്ചു കേന്ദ്രങ്ങള്‍ തുടങ്ങി വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ എല്ലാ ബിസിനസ്, ഓഫിസ് സൗകര്യങ്ങളും ഇവിടെ ഒരുക്കും. മള്‍ട്ടിപ്‌ളെക്‌സുകള്‍, ലോകത്തെ വിവിധ ഭക്ഷണങ്ങള്‍ വിളമ്പുന്ന ഭക്ഷണ ശാലകള്‍, ഹാളുകള്‍ തുടങ്ങിയവയും ഒരുക്കും. മെട്രോയ്ക്ക് ഇതിനടുത്തു സ്റ്റോപ്പ് ഉള്ളത് മൂലം വലിയ തോതില്‍ ആളുകള്‍ എത്തുന്ന ഒരു ഒരു ഡേ ഔട്ട് കേന്ദ്രമായി ഇതിനെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment
0 Comments