പെരിയ:(www.evisionnews.co) കനറാബാങ്കിന്റെ എ ടി എം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. സി സി ടി വി ദൃശ്യങ്ങളുടെയും ലഭ്യമായ മറ്റുവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കവര്‍ച്ചക്കാരനായ ഒരാളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കനറാബാങ്കിന്റെ പെരിയ ശാഖയുടെ എ.ടി.എം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് മൂന്നുദിവസം മുമ്പ് പെരിയ ടൗണില്‍ എ.ടി.എം പ്രവര്‍ത്തിക്കുന്ന മുറിയുടെ തൊട്ടുപിറകിലുള്ള എന്റെ കട എന്ന സ്ഥാപനത്തിലെത്തിയ പാന്റും ഷര്‍ട്ടും ധരിച്ച ഒരാള്‍ ഈ സ്ഥലം ഏതാണെന്നും കണ്ണൂരിലേക്ക് പോകേണ്ട റൂട്ട് ഏതാണെന്നും ചോദിച്ചിരുന്നു.സാധനങ്ങള്‍ വാങ്ങാനെന്ന രീതിയിലെത്തിയ ഇയാള്‍ സാധനങ്ങള്‍ വാങ്ങാതെയാണ് തിരിച്ചുപോയത്.
നാട്ടില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരാളെ കണ്ടിട്ടില്ലെന്നും കടയുടമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എ.ടി.എം കുത്തിപ്പൊളിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കവര്‍ച്ചക്കാരില്‍ ഒരാള്‍ ഇയാളായിരിക്കുമെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കടയുടമയുടെ വെള്ളപ്പെടുത്തലിനെ തുടര്‍ന്ന് ബേക്കല്‍ എസ് ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സി.സി ടി.വി വിശദമായി പരിശോധിച്ചു. പെരിയയിലെയും പരിസരങ്ങളിലെയും കടകളിലെയും പെട്രോള്‍ പമ്പുകളിലെയും സി സി ടി വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. എ ടി എം കൗണ്ടറിലെയും തൊട്ടടുത്ത കടയിലെയും സി സി ടി വി ദൃശ്യങ്ങളില്‍ കവര്‍ച്ചക്കാരായ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ഇവരില്‍ ഒരാളുടെ ലക്ഷണങ്ങള്‍ കടയുടമ വെളിപ്പെടുത്തിയ ആളുമായി ഒത്തുപോകുന്നുണ്ട്. ഈ ആളെക്കുറിച്ചുള്ള വ്യക്തമായ ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.ഒരു ബൈക്കില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് കവര്‍ച്ചക്കാര്‍ വന്നതെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.30നും 3.30 നും ഇടയിലുള്ള സമയത്താണ് പെരിയയിലെ പ്രീമിയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ ടി എമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്.
നാലുദിവസം തുടര്‍ച്ചയായി അവധിയായതിനാല്‍ 20 ലക്ഷം രൂപയാണ് എ ടി എമ്മില്‍ നിറച്ചിരുന്നത്. ഇതില്‍ നാലുലക്ഷത്തോളം രൂപ ഇടപാടുകാര്‍ രണ്ടുദിവസങ്ങളിലായി പിന്‍വലിച്ചിരുന്നു. ബാക്കി 16 ലക്ഷം രൂപ കാഷ് ബിന്നില്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. മോണിറ്ററും അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയെങ്കിലും കാഷ്ബിന്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ വിലയിരുത്തുന്നത്.
Post a Comment
0 Comments