ദുബായ്: (www.evisionnews.co) ട്വന്റി 20 ക്രിക്കറ്റിന് ബദലായി 10 ഓവര്‍ ക്രിക്കറ്റിന് ഷാര്‍ജ കളമൊരുക്കുന്നു. വീരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ അണിനിരക്കുന്ന 'ടി ടെന്‍' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള കിങ്സ് എന്ന പേരിലും ടീമുണ്ട്. ക്രിക്കറ്റിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ടി ടെന്‍ ക്രിക്കറ്റ് മാമാങ്കത്തിന് സംഘാടകര്‍ അരങ്ങൊരുക്കുന്നത്.
ടി.സി.എല്‍. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഡിസംബറില്‍ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഡിസംബര്‍ 21-ന് പ്രാഥമിക മത്സരങ്ങള്‍ തുടങ്ങും. ഫൈനല്‍ പോരാട്ടം ഇരുപത്തിനാലാം തീയതിയാണ്. 10 ഓവര്‍ മാത്രമുള്ള പുതിയ ക്രിക്കറ്റ് ലീഗില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗണാണ് കേരള കിങ്സിന്റെ പ്രധാന കളിക്കാരന്‍.
ക്രിക്കറ്റിന്റെ പുതിയ രൂപത്തില്‍ കളിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണെന്ന് ഇയോണ്‍ മോര്‍ഗണ്‍ പറഞ്ഞു. വളരെ ആകാംക്ഷയോടെയാണ് 90 മിനിറ്റില്‍ അവസാനിക്കുന്ന ക്രിക്കറ്റിന്റെ പുതിയ രൂപം ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ സൊഹൈല്‍ ഖാന്റെ ഉടമസ്ഥതയിലുള്ള മറാത്ത അറേബ്യന്‍സിലെ മുഖ്യ കളിക്കാരന്‍ വീരേന്ദര്‍ സെവാഗാണ്.
ചെറിയ ഓവര്‍ കളികളിലെ സൂപ്പര്‍ സ്റ്റാര്‍ ഷാഹിദ് അഫ്രീദി പക്തൂണ്‍ ടീമിന് വേണ്ടിയാണ് ബാറ്റേന്തുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സഹ ഉടമസ്ഥരായ കൊളംബോ ലയണ്‍സ്, ബംഗ്ലാ ടൈഗേഴ്സ് എന്നീ ടീമുകളും ലീഗിന്റെ ശ്രദ്ധേകേന്ദ്രങ്ങളാണ്.
പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ഉടമസ്ഥതയിലുള്ള പഞ്ചാബി ലെജന്റ്സില്‍ മിസ്ബാ ഉള്‍ ഹഖാണ് ടീമിന്റെ നെടുംതൂണ്‍.
ക്രിക്കറ്റ് കളിക്കാത്ത രാജ്യങ്ങളില്‍ പോലും ക്രിക്കറ്റിന് ആരാധകരെ സൃഷ്ടിക്കാന്‍ ടി ടെന്‍ ലീഗിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിസ്ബാ പറഞ്ഞു. ട്വന്റി ട്വന്റിയേക്കാള്‍ മനോഹരമായ കളിയായി ടി ടെന്‍ മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടി ടെന്‍ ക്രിക്കറ്റ് ലീഗിന്റെ പ്രഖ്യാപനം നടന്നത്. വ്യവസായി ഷാജി അല്‍ മുല്‍കാണ് 10 ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സ്ഥാപകനും ചെയര്‍മാനും.

Post a Comment
0 Comments