തിരുവനന്തപുരം : (www.evisionnews.co) ദിലീപിന്റെ 'രാമലീല' എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സിനിമാ സംഘടനകളുടെ പരാതി. തിയറ്റര്‍ ഉടമകള്‍, ഫിലിം ചേമ്പര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ സംഘടനകളാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി. രാമചന്ദ്രനെതിരെ നടപടി വേണമെന്നും സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയില്‍നിന്നു രാമചന്ദ്രനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നേരത്തെ ഐജി പി.വിജയനു പരാതി നല്‍കിയിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കുന്നതിനു തുല്യമാണു തിയേറ്ററുകള്‍ തകര്‍ക്കുക എന്ന ആഹ്വാനത്തിലൂടെ രാമചന്ദ്രന്‍ നടത്തിയിരിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു കൈമാറിയിട്ടുണ്ട്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലമാണു ചില അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവ പെട്ടെന്നു തന്നെ പിന്‍വലിച്ചതായും രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പിന്നീടു കുറിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ പ്രചരിപ്പിച്ചു വരുന്നതില്‍ തനിക്കു യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 'രാമലീല'യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 'സെപ്റ്റംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം' എന്ന് രാമചന്ദ്രന്‍ പോസ്റ്റ് ചെയ്തത്. #BoycottRaamleela എന്ന ഹാഷ്ടാഗോടെയായിരുന്നു പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.

Post a Comment
0 Comments