കാസർകോട്: (www.evisionnews.co) പി ഡി പി യിൽ നിന്നും ബ്ലാക്ക്‌മെയിൽ സംഘം നേതൃത്വം നൽകുന്ന സംഘടനയിൽ നിന്നും യുവനേതാവ് പുറത്തായതോടെ തെളിയുന്നത് മുസ്‌ലിം സമുദായത്തിന്റെ വികാരം മുതലെടുത്ത് സംഘ്‌പരിവാരിൽ നിന്നും പണം തട്ടുന്നവരുടെ ഇരട്ടമുഖം. കഴിഞ്ഞ ദിവസം ഇവർ ഉൾപ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ തർക്കം മുറുകുന്നതിനിടെയാണ് രണ്ട് കൂട്ടരും ബി ജെ പി നേതാക്കളിൽ നിന്നും പണം വാങ്ങിയ കഥ പുറത്തായത്. ഇതിന് മുമ്പ് ഒരേ തൂവൽപക്ഷികളായിരുന്ന യുവ നേതാവ് പി ഡി പിയുടെ യുവജനസംഘടനയായ ഐ എസ് എഫിന്റെ സംസ്ഥാന കോ-ഓഡിനേറ്റർ, ജനകീയ നീതിവേദി എന്ന കടലാസ് സംഘടനയുടെ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിൽ നിന്ന് പെട്ടെന്ന് പുറത്തായത് സാമ്പത്തിക ഇടപാടിലെ ഭിന്നതകളെ തുടർന്നായിരുന്നു.
ബ്ലാക്ക് മെയിൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായവർ രൂപീകരിച്ച ജില്ലാ ജനകീയ നീതിവേദി എന്ന സംഘടന റിയാസ് മൗലവി വധം പാർലമന്റ് ചർച്ച ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തിയിരുന്നു. യാത്രക്ക് നേതൃത്വം നൽകിയ നൗഫൽ ഉളിയത്തടുക്കയുടെ സ്വകാര്യബാങ്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചും പലരിൽ നിന്ന് നേരിട്ടുമായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ പിരിച്ചെടുത്തത്. ഇതിൽ ന്യൂനപക്ഷാ മോർച്ചാ നേതാവായ കാസർകോട് സ്വദേശിയിൽ നിന്ന് നൗഫൽ യാത്രക്ക് വേണ്ടി ഒരു ലക്ഷം രൂപ വാങ്ങി എന്നാണ് ഇപ്പോൾ പി ഡി പി ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ട് എന്നും പറയുന്നു. റിയാസ് മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞ് നൗഫൽ ഡൽഹിയിലേക്കും പോയിരുന്നു. അന്ന് അവിടെ സഞ്ചരിച്ചത് ആഡംബരക്കാറിലായിരുന്നു. ഇതെല്ലാം ഈ ബി ജെ പി നേതാവ് ഒരുക്കിക്കൊടുത്തതാണെന്ന സംശയം ബലപ്പെട്ടിരിക്കികയാണ്. മലപ്പുറത്തെ ഒരു തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ ഈ ന്യൂനപക്ഷനേതാവ് അറസ്‌റ്റിലായപ്പോൾ നൗഫൽ ജയിലിൽ സന്ദർശിച്ചിരുന്നു. മുസ്‌ലിം യുവാക്കളിലെ ഭിന്നത മുതലെടുക്കുകയാണോ ന്യൂനപക്ഷമോർച്ചയിലേക്ക് ആളെ ചേർക്കുകയാണോ ഈ നേതാവിന്റെ ലക്ഷ്യമെന്ന് വ്യക്തമല്ല.
ഡൽഹിയിൽ പോയി മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ഉപാധ്യക്ഷനെ കണ്ടത് ഫെയ്‌സ്‌ബുക്കിൽ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌ത നൗഫൽ ഇപ്പോൾ പറയുന്നത് വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് പോയത് എന്നാണ്. ഇതും സംശയം ഇരട്ടിപ്പിക്കുന്നു.
കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിൽ ബി ജെ പിയെ ജയിപ്പിക്കാൻ സിനാൻ വധം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജ്യോതിഷ് മുഖേന പിഡിപി ജില്ലാ നേതാക്കൾ നുള്ളിപ്പാടിയിലെ ഒരു വീട്ടിൽ വെച്ച് കെ സുരേന്ദ്രനുമായി ചർച്ച നടത്തിയതായി അന്ന് പിഡിപി ഭാരവാഹിയായ നൗഫലും വെളിപ്പെടുത്തിയിരിക്കുകയാണ്. തീരദേശമേഖലയിൽ ചെറിയ സ്വധീനവും പഞ്ചായത്ത് അംഗവുമുള്ള പി ഡി പി നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്തിയത് ബി ജെ പിയെ സഹായിക്കാനാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അത് ശരി വെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
ആരോപണപ്രത്യാരോപണങ്ങൾ ഉയർന്നതോടെ നൗഫലും പിഡിപി നേതൃത്വവും മൗനത്തിലായിരിക്കുകയാണ്. തെളിവുകളുണ്ട് എന്ന് പറയുമ്പോഴും ആദ്യം മറ്റുള്ളവർ തെളിയിക്കട്ടെ എന്നാണത്രെ രണ്ട് പേരുടെയും നിലപാട്. ഇതോടെ രണ്ട് വിഭാഗത്തിന്റെയും പൊയ്‌മുഖം അഴിഞ്ഞ് വീണിരിക്കുകയാണ്.
മുസ്‌ലിം യുവാക്കളുടെ വികാരം മുതലെടുത്ത് തീവ്രമായി പ്രസംഗിക്കുകയും, വൈകാരികമായ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നവരുടെ യഥാർത്ഥ ഉദ്ദേശം സാമ്പത്തികനേട്ടമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഒരു ലേബലുമില്ലാത്ത കടലാസ് സംഘടന കേരള യാത്ര നടത്തുമ്പോൾ പോലും ലക്ഷങ്ങൾ സമാഹരിക്കുന്നത് എങ്ങനെ എന്നത് ചോദ്യചിഹ്നമാണ്. അതോടൊപ്പം മുസ്‌ലിം സമുദായത്തിലെ ഭിന്നത ഉപയോഗിക്കാൻ ബി ജെ പിയും ഇത്തരക്കാർക്ക് വൻ തോതിൽ ഫണ്ട് ഒഴുക്കുന്നുവെന്നാണ് ലഭ്യമാവുന്ന സൂചന.

Post a Comment
0 Comments