
പാറശ്ശാല:(www.evisionnews.co) നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ നിർമൽ കൃഷ്ണ ബാങ്കിന്റെ ബിനാമികളിൽ ഒരാളെ നിക്ഷേപകർ പിടികൂടി പൊലീസിന് കൈമാറി. നിർമൽ കൃഷ്ണ ബാങ്കുടമ നിർമലന്റെ പ്രധാന ബിനാമിയും അമ്മാവനുമായ മത്തമ്പാല അനുശ്രീ വിഹാറിൽ ശ്രീകുമാറി (56)നെയാണ് നിക്ഷേപകർ പിടികൂടി പൊലീസിന് കൈമാറിയത്.ബാങ്കിന് മുന്നിലെ അനിശ്ചിതകാല സമരം അഞ്ചാം ദിവസമായ ഇന്നലെ ബാങ്കിന് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകർ അടുപ്പുകൾ കൂട്ടി.സ്ഥലത്തുണ്ടായിരുന്ന എസ്.ഐ എതിർത്തു. പ്രകോപിതരായ നിക്ഷേപകർ പൊലീസ് ബാങ്കുടമക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ബാങ്കിന് സമീപത്തെ വീട്ടിലേക്ക് പ്രവേശിക്കുന്ന ഷട്ടർ തകർത്തു. നിർമലന്റെ വീട്ടിലേക്ക് കല്ലേറുമുണ്ടായി.മത്തമ്പാല ശ്രീകുമാറിന്റെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി. ശ്രീകുമാർ വീട്ടിലുണ്ടെന്നും പിടികൂടണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ വാറൻറ് ഉണ്ടെങ്കിലേ വീട്ടിനുള്ളിൽ കയറി പരിശോധന നടത്താൻ കഴിയൂ എന്ന് പൊലീസ് നിലപാടെടുത്തു.ഇതേതുടർന്ന് സമരക്കാർ നാഗർകോവിൽ എസ്.പിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments