കണ്ണൂര്‍ : (www.evisionnews.co) കോമാളിവേഷക്കാരനായ പ്രധാനമന്ത്രിയെ പ്രഗത്ഭനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ. മുനീര്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇത്രയും കാലം കോമാളിപരിവേഷം നല്‍കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ രാഹുലിനെ ഭാവി പ്രധാനമന്ത്രിയെന്നു വരെ വിശേഷിപ്പിക്കുന്നുണ്ടെന്നും മുനീര്‍ പറഞ്ഞു. അടുത്ത മാസം ആദ്യവാരം നടത്തുന്ന രാപ്പകല്‍ സമരത്തിനു മുന്നോടിയായി ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു പുതിയൊരു ഉണര്‍വു കിട്ടിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസംഗങ്ങള്‍ ദേശീയമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. രാഹുലിന്റെ വാക്കുകള്‍ യുവജനങ്ങളില്‍ വലിയ പ്രതീക്ഷ ഉളവാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വളര്‍ന്നു വരുന്നവരെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റുകളുടെ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ഭാഗമായാണു രാഹുല്‍ ഗാന്ധിയെ കോമാളിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പക്ഷേ ഓരോ ചെയ്തിയും നോക്കിയാല്‍ നരേന്ദ്ര മോദിയാണു കോമാളിത്തം കാണിക്കുന്നത്.
മോദിയുടെ വേഷം, നടത്തം, പ്രസംഗങ്ങള്‍... എല്ലാം യൂട്യൂബില്‍ നോക്കിയാല്‍ മനസ്സിലാവും. നടക്കുമ്പോള്‍ പീപ്പീ എന്ന് ഒച്ചയുണ്ടാവുന്ന, പിന്നില്‍ ലൈറ്റ് കത്തുന്ന ഷൂസ് ഇട്ടാണു മോദി വിദേശത്തു പോയത്. മോദി മോദി എന്ന് എഴുതിയ കോട്ടുമിട്ടു യുഎസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ പോയി. ഇങ്ങനെയുള്ള ആളാണു രാജ്യത്തെ ഏറ്റവും പ്രഗത്ഭനായി ചിത്രീകരിക്കപ്പെടുന്നത്. നോട്ട് നിരോധനം ജിഡിപി കുറയാനിടയാക്കുമെന്നു മന്‍മോഹന്‍ സിങ് പാര്‍ലിമെന്റിലെ ഉജ്വലമായ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍, നിങ്ങളിതെവിടെനിന്നാണു പഠിച്ചതെന്നു പരിഹസിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്. പക്ഷേ മന്‍മോഹന്‍ സിങ് പറഞ്ഞതു പോലെ ജിഡിപി കുറഞ്ഞു. അഭയം ചോദിച്ചെത്തിയവരെ സ്വീകരിച്ച ഇന്ത്യയുടെ മഹത്തായ പാരമ്പര്യം മറന്നു കൊണ്ടാണു ബിജെപി സര്‍ക്കാര്‍ രോഹിന്‍ഗ്യ അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നത്. ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ബിജെപി രാജ്യത്തുനിന്നു നെഹ്‌റുവിന്റെ സ്മരണകള്‍ പോലും തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു. അവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ സാധിക്കൂ - മുനീര്‍ പറഞ്ഞു.

Post a Comment
0 Comments