തിരുവനന്തപുരം : (www.evisionnews.co) ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ (അഖില) അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് വനിതാ കമ്മിഷന്‍ ഇടപെടുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വ്യക്തമാക്കി.
സ്ത്രീപക്ഷവിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷന്‍ കോടതിയുടെ അനുമതി തേടും. മാത്രമല്ല, ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്. വൈക്കം സ്വദേശിനി ഹാദിയയെ (അഖില) മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാനിരിക്കെയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. അച്ഛന്‍ അശോകനില്‍ നിന്നു കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിച്ചത്. കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണു കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനഃപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ അത് ഗൗരവതരമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment
0 Comments