Type Here to Get Search Results !

Bottom Ad

ഹാദിയയക്ക് കത്ത് വായിക്കുന്നതിനും വിലക്ക്; പൊലീസ് സംരക്ഷണത്തിലായതിനാല്‍ ഹാദിയക്ക് കത്ത് നല്‍കാനാകില്ലെന്ന് തപാല്‍ വകുപ്പ്


കോട്ടയം: (www.evisionmnews.co) ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഹാദിയക്ക് കത്ത് വായിക്കുന്നതിനും വിലക്ക്. പൊലീസ് സംരക്ഷണത്തിലായതിനാല്‍ ഹാദിയയ്ക്ക് കത്തുകള്‍ നേരിട്ട് നല്‍കാനാവില്ലെന്ന തപാല്‍ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു.
എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഹാദിയക്ക് രജിസ്റ്റേഡ് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇവ 'രക്ഷിതാവ് നിരസിച്ചു' എന്ന പേരില്‍ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഈ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയിലാണ് കത്ത് നേരിട്ട് നല്‍കാനാവില്ലെന്ന് തപാല്‍ വകുപ്പ് വിശദീകരണം നല്‍കിയിരിക്കുന്നത്.
രജിസ്റ്റേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ലെന്നാണ് നിയമം. ഈ നിയമം തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്.
ഹാദിയ പൊലീസ് സംരക്ഷണയിലായതിനാല്‍ കത്ത് പിതാവിനു കൈമാറിയെന്നും നേരിട്ട് നല്‍കാന്‍ കഴിയില്ലെന്നുമുള്ള വാദമാണു തപാല്‍ വകുപ്പ് ഉന്നയിക്കുന്നത്. പരാതിയുമായി ചെന്ന തപാല്‍ ഉദ്ദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാന്‍ അനുവദിച്ചില്ലെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം ഗാര്‍ഡിയന് കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണു പിണറായി പോലീസും സംഘ്പരിവാരങ്ങളും ചെയ്യുന്നതെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് പറഞ്ഞു. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും കാണാന്‍ അനുവദിക്കാത്ത പിണറായി പോലീസിന്റെ 'സംരക്ഷണ'നെതിരെയാണു സമരങ്ങള്‍ തിരിയേണ്ടതെന്നും സുഹൈബ് വ്യക്തമാക്കി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad