Type Here to Get Search Results !

Bottom Ad

ദാവൂദ് പാക്കിസ്ഥാനിൽ തന്നെയുണ്ടെന്ന് സഹോദരൻ കസ്കറിന്റെ വെളിപ്പെടുത്തൽ

Dawood Ibrahimതാനെ:(www.evisionnews.co) അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നു പിടിയിലായ സഹോദരൻ ഇക്ബാൽ കസ്കർ. ചോദ്യം ചെയ്യലിൽ കസ്കർ ഇക്കാര്യം വെളിപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗവും താനെ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും അറിയിച്ചു. തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു കിലോമീറ്റർ അകലെ പക്മോഡിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാർക്കറുടെ വീട്ടിൽനിന്നാണു കസ്കറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കസ്കർ പങ്കുവച്ചതായാണു വിവരം.


ഫോൺ ചോർത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്കർ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്കർ കൂട്ടിച്ചേർത്തു. കെട്ടിട നിർമാതാക്കൾ, ബിസിനസുകാർ തുടങ്ങിയവരിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്കർ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്കർ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.


ദാവൂദ് പാക്കിസ്ഥാനിലാണെന്ന ഇന്ത്യയുടെ വാദത്തിനു ബലമേകുന്ന മൊഴിയാണ് കസ്കർ നൽകിയിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്രസംഘടനയ്ക്കു കൈമാറിയ ഒൻപതു സ്ഥലങ്ങളിൽ ആറെണ്ണവും ശരിയാണെന്നു യുഎൻ കണ്ടെത്തിയിരുന്നു. ദാവൂദ് പതിവായി സന്ദർശിക്കുന്ന ഒൻപതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎൻ രക്ഷാസമിതിയുടെ അൽ ഖായിദ ഉപരോധ സമിതിക്ക് ഇന്ത്യ കൈമാറിയത്. പാക്കിസ്ഥാനിൽ വൻ സ്വത്തുസമ്പാദ്യങ്ങളുള്ള ദാവൂദ് പാക്ക് അധികൃതരുടെ തണലിൽ ഒളിവുജീവിതം നയിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ, ദാവൂദ് രാജ്യത്തില്ലെന്നാണു പാക്ക് നിലപാട്.


അതേസമയം, കസ്കർ നൽകിയ വിലപ്പെട്ട വിവരങ്ങൾ വച്ച് മുംബൈയിലെയും നവിമുംബൈയിലെയും താനെയിലെയും ദാവൂദിന്റെ സംഘാംഗങ്ങളെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവഴി നിരവധിക്കേസുകൾക്കു തുമ്പുണ്ടാക്കാനാകും. ലഹരിമരുന്നിന്റെ കച്ചവടം ദാവൂദിപ്പോൾ ആഫ്രിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ ഇക്ബാൽ കസ്കറുടെ സംഘത്തിൽനിന്നു തുടർച്ചയായി ഭീഷണി ഫോൺ കോളുകൾ വരാൻ തുടങ്ങിയതിനു പിന്നാലെ താനെയിൽനിന്നുള്ള ബിസിനസുകാരൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച താനെ പൊലീസ് കമ്മിഷണർ ഇക്ബാൽ കസ്കറിനെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ ആന്റി എക്സ്റ്റോർഷൻ സെല്ലിന് നിർദേശം നൽകിയതനുസരിച്ചായിരുന്നു അറസ്റ്റ്.


1989-90 കാലയളവിൽ ഇന്ത്യ വിട്ട ഇക്ബാൽ കസ്കറെ 2003ൽ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു. സാറ സഹാറ വാണിജ്യ സമുച്ചയക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വിട്ടയച്ചു. 2011ൽ മുംബൈയിൽ ബൈക്കിലെത്തിയ സംഘം കസ്കറിനു നേരെ വെടിയുതിർത്തെങ്കിലും രക്ഷപ്പെട്ടു. 2015ൽ പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയ കസ്കറാണ് ദാവൂദിന്റെ മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നോക്കി നടത്തുന്നതെന്നാണ് ആരോപണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad