Type Here to Get Search Results !

Bottom Ad

ചാച്ചുവും അദ്രുവും ഇന്നും എന്റെ കൂടെ ജീവിച്ചുകൊണ്ടിരിക്കുന്നു

ബദ്‌റുദ്ദീന്‍ ഹുദവി തൊട്ടി (സൗദി)


(www.evisionnews.co)കടലുണ്ടിപ്പുഴയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങളൊന്നും ആ മണിക്കൂറുകളെ വിസ്മരിക്കാന്‍ സമയമായിട്ടില്ല. വര്‍ഷങ്ങള്‍ ഏഴുകവിഞ്ഞു. കടലുണ്ടിപ്പുഴ പാറക്കടവ് പാലത്തിനടിയിലൂടെ ഓളങ്ങള്‍ ഒത്തിരി മാറി ഒഴുകി. എന്നിട്ടും ചെയ്ത അപരാധത്തിന്റെ പാപക്കറകള്‍ മായ്ക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് മായ്ക്കാന്‍ അനുവദിക്കുന്നില്ല.

നീണ്ടപാതിരാമഴകളും കുളിരണിയിക്കുന്ന മഞ്ഞുകണങ്ങളും ഋതുക്കളുടെ കണ്ണുചിമ്മുന്ന നടനങ്ങളും മനസിന്റെ നോവുതീര്‍ക്കാനാവാതെ വരുമ്പോള്‍ ഹൃദയത്തില്‍ കടന്നുവരുന്ന ദീര്‍ഘ നിശ്വാസങ്ങള്‍ അല്‍പമെങ്കിലും സമാധാനം പകരുന്നുണ്ട്. അന്നും പതിവുപോലെ പുഴ പ്രളയം കൊണ്ട് അദമ്യമായി കുത്തിപ്പാഞ്ഞിരിക്കാം... പ്രഭാത കിരണങ്ങളും കുളിര്‍കാറ്റും കടലുണ്ടിയെ തഴുകിത്തലോടിയിരിക്കാം... ഭൂമിയിലെ രണ്ട് കുസുമങ്ങളെ സ്വന്തമാക്കിയതില്‍ സന്തോഷിച്ച് കടലുണ്ടിയുടെ കുഞ്ഞോളങ്ങള്‍ പരസ്പരം ആശ്ലേഷിച്ചിരിക്കാം... ആകസ്മികമായെത്തിയ അതിഥികളെ കണ്ട് മത്സ്യങ്ങള്‍ പുളകിതരായിട്ടുണ്ടാവാം... ആതിഥേയരുടെ ഹൃദ്യമായ സ്വീകരണത്തില്‍ മുങ്ങിക്കുളിച്ച എന്റെ പ്രിയ ചാച്ചുവിനും അദ്രുവിനും ഇക്കിളിപ്പെട്ടിട്ടുണ്ടാവാം...

പതിവുപോലെ അന്ന് വൈകുന്നേരവും ചില തമാശ, തര്‍ക്കങ്ങളിലേര്‍പ്പെട്ട് ചാച്ചുവും അദ്രുവും കുളിക്കാനായി കടലുണ്ടിയുടെ തീരത്തേക്ക് മറഞ്ഞു. കുളിച്ചുവരുന്ന ചാച്ചുവിനെയും അദ്രുവിനെയും പ്രതീക്ഷിച്ച് ഞാനിരുന്നു. അല്‍പസമയത്തിന് ശേഷം എന്റെ ചെവിയില്‍ (www.evisionnews.co)വാര്‍ത്തയെത്തി. പക്ഷെ ഞാന്‍ ശുഭാപ്തി വിശ്വാസമുള്ളവനായിരുന്നു. കാരണം ഒരു ക്ലൂ പോലും തരാതെ ചാച്ചുവും അദ്രുവും എന്നെ വിട്ടുപോവില്ല. ഏത് സ്വര്‍ഗം വിളിച്ചാലും അടരുവാന്‍ വയ്യെനിക്ക് നിന്‍ ഹൃദയത്തില്‍ നിന്ന് '' എന്ന് പറഞ്ഞ കവിമനസ് തന്നെയായിരുന്നു എന്റേതും. അത്‌കൊണ്ട് വിധിയേ... നീ തോറ്റുമടങ്ങുക. എന്റെ ചാച്ചുവും അദ്രുവും ഇന്നും എന്റെ കൂടെ, ഓര്‍മകളില്‍ ജീവിക്കുന്നു.

അനശ്വരതയെ പുല്‍കാന്‍ നശ്വരതയെ വെടിയല്‍ അനിവാര്യമാണ്. പക്ഷെ, അത് ഇത്ര വേഗമാകുമെന്ന് ഞാന്‍ നിനച്ചതേയില്ല. അല്ലെങ്കിലും നിനക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന പ്രതിഭാസമാണല്ലോ അത്. അതിനു മുന്നില്‍ കീഴടങ്ങലല്ലാതെ വഴിയുമില്ലല്ലോ... ചാച്ചു, അദ്രു... നിങ്ങളും കീഴടങ്ങി. പക്ഷെ അത് രാജകീയ പ്രൗഢിയോടെ തന്നെ, അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന പുണ്യാത്മാക്കള്‍ക്ക് മാത്രം സാധിക്കുന്ന വിധത്തില്‍....

നിങ്ങളും പുണ്യാത്മാക്കളായിരുന്നില്ലേ. അല്ലെങ്കില്‍ പിന്നെങ്ങനെയാണ് നിങ്ങളുടെ മേല്‍ ഇത്രമാത്രം സുകൃത പേമാരി തോരാതെ (www.evisionnews.co)പെയ്തിറങ്ങിയത്. ആയിരങ്ങളുടെ നയനങ്ങളില്‍ നിന്ന് അവരറിയാതെ കണ്ണീര്‍ തുള്ളികള്‍ പൊഴിഞ്ഞത്. ഗദ്ഗദ കണ്ഠത്തോടെ തൗഹീദിന്റെ മന്ത്രധ്വനികള്‍ ചാലിച്ച യാത്രാ മൊഴികള്‍ നല്‍കിയത്.

ഓ... നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍... പിറന്ന് വീണതുമുതല്‍ നാഥന്റെ മഹനീയ സാമീപ്യം പുല്‍കുന്നത് വരെ പിച്ചവെച്ചത് ജ്ഞാനത്തിന്റെ വര്‍ണാഭമായ പൂന്തോപ്പിലായിരുന്നില്ലേ...? അതും മാലാഖമാരുടെ ചിറകിന്റെ സംരക്ഷണത്തിലും സമുദ്ര മത്സ്യങ്ങളുടെ പ്രാര്‍ത്ഥനാ സാഗരത്തിലും! വിദ്യയുടെ തേനുറവകള്‍ നുകരാന്‍ പുറപ്പെട്ട നിങ്ങളെ കടലുണ്ടിയുടെ ഓളങ്ങള്‍ വാരിപ്പുണര്‍ന്നപ്പോഴും നിങ്ങള്‍ അനുഗ്രഹീതരായിരുന്നു. സ്വര്‍ഗീയാരാമത്തില്‍ തുമ്പികളായും പറവകളായും പാറിപ്പറക്കുന്ന നിങ്ങളെയോര്‍ത്ത് പിന്നെന്തിന് വിലപിക്കണം.

'ജനനം' മരണത്തിന്റെ ആദ്യവിളിയാളമാണ്. ഈ ലോകത്തിലെ സര്‍വചരാചരങ്ങളും ഒരുനാള്‍ ചേതനയറ്റ് പോകുമെന്നത് പകല്‍ വെളിച്ചം പോലെ പരമയാഥാര്‍ത്ഥ്യവുമാണ്. ആശയോടെ, പ്രതീക്ഷയോടെ സ്വന്തമാക്കിയതെല്ലാം ഒരുനാള്‍ കൈഒഴിയേണ്ടിവരും. വിരഹവും വിയോഗവും അസഹ്യമായ വേദനയാണ് മനസില്‍ സൃഷ്ടിക്കാറ്. അത് അടുത്തവരുടേതാവുമ്പോള്‍ ഒരിക്കലും ഉണങ്ങാത്ത (www.evisionnews.co)മുറിവുകളായി ഓര്‍മയുടെ അറകളില്‍ ബാക്കിയാകും. കാലക്രമേണ ചിലരുടെ ഓര്‍മകള്‍ മനസില്‍ നിന്ന് മാഞ്ഞു പോവുമെങ്കിലും ചിലര്‍ ചിരഞ്ജീവികളായി എന്നും മനസില്‍ കുടികൊള്ളും... അവരുടെ സ്മരണകള്‍ എന്നും നമ്മെ തലോടിക്കൊണ്ടിരിക്കും. ഒരുതരം സന്താപനത്തിന്റെയും സന്തോഷത്തിന്റെയും ഇളം തെന്നലായി.

ചാച്ചു... മരണത്തിന്റെ ദിവസങ്ങള്‍ക്കു മുമ്പ് നിന്റെ മാത്രം നിര്‍ബന്ധം കൊണ്ട് നമ്മള്‍ പഠിച്ച മലബാര്‍ കാമ്പസില്‍ പോയപ്പോള്‍ ഞാന്‍ നിനച്ചില്ല അത് നിന്റെ അവസാന സന്ദര്‍ശനമെന്ന്. അവിടെയുണ്ടായ സ്റ്റുഡന്‍സ് മീറ്റിങില്‍ നീ ഒരുപാട് ഫോട്ടോയെടുത്തു. അതെന്റെ മെമ്മറി കാര്‍ഡില്‍ ഡിലീറ്റ് ആവാതെ ഞാന്‍ സൂക്ഷിക്കാം... നീയും നിന്റെ ഉമ്മയും ഞാനും പറഞ്ഞുവെച്ച ഒരുപാട് കുശലങ്ങള്‍ ഇന്നും പൂര്‍ത്തിയാവാതെ വിങ്ങലായി അവശേഷിക്കുന്നു...

ചാച്ചു നീ എല്ലാ കാര്യത്തിലും ധൃതിയുള്ളവനായിരുന്നു. മരണത്തില്‍ പോലും നീ ആ ധൃതിയെ തന്നെ പിന്തുടര്‍ന്നു. ഒരു രഹസ്യം നിന്നോട് പറയാനുണ്ടെന്ന് കള്ളം പറഞ്ഞാല്‍ പോലും ആ രഹസ്യം എന്താണെന്ന് നിന്നോട് പറയാതെ നീ എന്നെ ഉറങ്ങാനനുവദിച്ചില്ല. നീ അറിയാതെ ഞാന്‍ പല സ്ഥലങ്ങളിലും മുങ്ങിയപ്പോഴും എന്നെ മാത്രം പ്രതീക്ഷിച്ച് നീ എന്റെ ബെഡില്‍ അന്തിയുറങ്ങിയ രാത്രികള്‍. ചാച്ചു... നീ മരിച്ചിട്ടില്ല മരണം (www.evisionnews.co)നിന്നെ വരിച്ചതാണ്. ഓര്‍മകളില്‍ നീ മറയാതെ മായാതെ ജീവിക്കും. ഒരു ഫാന്‍സി സിം നമ്പര്‍ വേണമെന്ന് നീ എന്നോട് വാശിപിടിച്ചപ്പോള്‍ അതെനിക്ക് കിട്ടുന്നത് വരെ ഞാന്‍ നിന്നോട് തരില്ലെന്ന് പറഞ്ഞു. പക്ഷെ ആ നന്പര്‍ എന്റെ കയ്യില്‍ കിട്ടിയ അതെ ദിവസം നീ ഒരു ക്ലൂപോലും തരാതെ പോയപ്പോള്‍....

വിധി നിര്‍ബന്ധിക്കുന്ന ഈ വേര്‍പ്പാടിന്ന് മൗനം മാത്രമല്ലേ മറുപടിയുള്ളൂ... എങ്കിലും ഞാന്‍ കൃതാര്‍ത്ഥനാണ്. നിനക്ക് സാധിക്കാത്ത ഏതുകാര്യവും നീ ആദ്യം പറയല്‍ എന്നോടായിരുന്നല്ലോ...? പറ്റില്ലെന്ന് കള്ളവാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും നീ പറഞ്ഞൊതെക്കെയും പരിഹരിക്കാന്‍ പറ്റിയിട്ടുണ്ട്. ഒന്നൊഴികെ ആ ഫാന്‍സി നമ്പര്‍... അതിന് നീ...

ചാച്ചു... റമസാനില്‍ നമ്മുടെ പ്ലാനിംങ്ങ് ദുബൈ വിസിറ്റിങ്ങായിരുന്നില്ലേ, അതിനു വേണ്ടി നീ പാസ്്പോര്‍ട്ട് ശരിപ്പെടുത്താന്‍ എന്നെ ഏല്‍പ്പിച്ചത്, പേരില്‍ അക്ഷരപ്പിഴവുണ്ടെന്നും അടുത്ത വരവില്‍ അതു ശരിപ്പെടുത്താമെന്നും നാം പറഞ്ഞില്ലെ? പക്ഷെ പാസ്്പോര്‍ട്ടോ, വിസയോ വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് നീ നിമിഷങ്ങള്‍ കൊണ്ട് (www.evisionnews.co)ചെന്നെത്തിയില്ലേ.... നിന്റെയും അദ്രുവിന്റെയും മരണം എനിക്ക് നൊമ്പരമാണ്, വേദനയാണ്, വിങ്ങലാണ്. പക്ഷെ അതിലുപരി നിങ്ങളുടെ മരണം എന്നെ അസൂയപ്പെടുത്തി. ഞാനും നിങ്ങളെപ്പോലെ മരിച്ചിരുന്നെങ്കില്‍! അവിടെ നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഇവിടെ ഞങ്ങള്‍....? ഇവിടെ ദാറുല്‍ ഹുദാ ക്യാമ്പസില്‍ നിങ്ങളെന്റെ ജൂനിയറായിരുന്നു.... ചാച്ചു, അദ്രു ഒരുനാള്‍ ഞാനും നിങ്ങളുടെ ലോകത്തേക്കുവരും... പക്ഷെ, അവിടെ നിങ്ങളെന്റെ സീനിയറാണ്. നിങ്ങള്‍ കാത്തിരിക്കണം. ഞാന്‍ പ്രാര്‍ത്ഥിക്കാം...
Tags

Post a Comment

0 Comments

Top Post Ad

Below Post Ad