കാസര്‍കോട് (www.evisionnews.in): തുര്‍ക്കിയിലെ സക്കരിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭാഷാ പഠനത്തില്‍ ഉന്നത വിജയം നേടിയ അഹമ്മദ് ഇസ്ഹാഖ് ഇര്‍ശാദി ഹുദവി ചെമ്പരിക്ക തുര്‍ക്കിശ് ഗവര്‍ണ്‍മെന്റില്‍ നിന്ന് അംഗീകാര പത്രം സ്വീകരിച്ചു. നീണ്ട ഒരു വര്‍ഷത്തെ കോഴ്‌സിലൂടെയാണ് തുര്‍ക്കിയിലെ സക്കരിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തുര്‍ക്കിശ് ഭാഷയില്‍ ഡിസ്റ്റിംഗ്ഷനിലൂടെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇസ്ഹാഖ് ഇര്‍ശാദി ഹുദവി തുര്‍ക്കിയിലെ സക്കരിയ്യ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ പി.എച്ച്.ഡി സ്‌കോളറും കൂടിയാണ്.
തൊമര്‍ സിസ്റ്റത്തിലൂടെ പഞ്ചകോഴ്‌സ് പൂര്‍ത്തിയാക്കിയ സക്കരിയ്യ യൂണിവേഴ്‌സിറ്റിയിലെ ഏകമലയാളി എന്ന അഭിമാന നേട്ടവും ഇസ്ഹാഖ് ഹുദവി കൈവരിച്ചു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്നും പത്ത് വര്‍ഷത്തെ പഠന ശേഷം ബിരുദവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സ്റ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസൂല്‍ ഫിഖ്ഹില്‍ ബിരുദാനന്തര ബിരുദവും കൂടാതെ പോണ്ടിച്ചേരി സെന്റട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ എം.എ ബിരുദവും കരസ്ഥമാക്കി.
ചെമ്പരിക്കയിലെ ഇബ്രാഹിം- ഖൈറുന്നിസ ദമ്പതികളുടെ മകനാണ് ഇസ്ഹാഖ് ഹുദവി. സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സജീവമായ ഇസ്ഹാഖ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സ്റ്റിയിലെയും സഹസ്ഥാപനങ്ങളുടേയും വിദ്യാര്‍ത്ഥി സംഘടനാ യൂണിയനായ ഡി.എസ്.യുവിന്റെ പബ്ലിക് റിലേഷന്‍ ഓഫീസറായും ദുബൈ കെ.എം.സി.സി ഗ്രാന്റ് ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തുര്‍ക്കി കെ.എം.സി.സി കമ്മിറ്റിയുടെ ജോയിന്‍ സെക്രട്ടറിയാണ്.

Post a Comment
0 Comments