Type Here to Get Search Results !

Bottom Ad

പുല്ലൂര്‍ സഹകരണ ബാങ്ക്: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഭരണ സമിതിയില്‍ കൂട്ടരാജി


കാസര്‍കോട് (www.evisionnews.co): കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ഭരണം പ്രതിസന്ധിയിലായ പുല്ലൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയില്‍നിന്ന് നാലുപേര്‍ രാജിവച്ചു. ഇതോടെ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാകും. ഡിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ വിനോദ്കുമാര്‍ പള്ളയില്‍ വീട്, കെ.വി.ഗംഗാധരന്‍, എം.നാരായണി, തങ്കമണി സി.നായര്‍ എന്നിവരാണ് ഇന്നലെ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി.ബി.കൃഷ്ണകുമാറിന് രാജി നല്‍കിയത്. പതിനൊന്ന് അംഗ ഭരണസമിതിയിലെ രണ്ടു പേരെ വായ്പാ കുടിശികയെ തുടര്‍ന്ന് അയോഗ്യരാക്കിയിരുന്നു. ശേഷിക്കുന്ന ഒന്‍പത് അംഗ ഭരണസമിതിയില്‍നിന്നു നാലുപേര്‍ രാജിവച്ചതോടെ ഭരണസമിതിക്കു ക്വാറം നഷ്ടമായി.

ബാങ്ക് ഭരണസമിതിയിലെ ഭിന്നത പരിഹരിക്കുന്നതിന് കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തിയ നേതാക്കളുടെ ശ്രമങ്ങളും വിജയിക്കാത്ത സാഹചര്യത്തില്‍ ഭരണ സമിതിയുടെ ക്വാറം ഇല്ലാതാക്കുന്നതിന് ഏഴ് അംഗങ്ങളോട് രാജിവയ്ക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങാത്ത ഭരണസമിതി വേണ്ടെന്നായിരുന്നു ഡിസിസി തീരുമാനം. ഏഴുപേരില്‍ ഒരാളെ വായ്പാ കുടിശികയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അയോഗ്യനാക്കി. ശേഷിക്കുന്ന ആറ് പേരില്‍ രണ്ടുപേര്‍ ഡിസിസിയുടെ രാജി നിര്‍ദ്ദേശം തള്ളി. മാസത്തില്‍ രണ്ടുതവണ ഭരണസമിതി യോഗം ചേര്‍ന്ന് അംഗങ്ങളുടെ വായ്പാ അപേക്ഷകള്‍ പരിഗണിച്ചിരുന്ന ബാങ്കില്‍ ഭരണസമിതിയിലെ ഭിന്നതമൂലം കഴിഞ്ഞ ഒന്നര മാസത്തിലേറെയായി യോഗം ചേര്‍ന്നിട്ടില്ല. 

നിരവധി വായ്പാ അപേക്ഷകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തിലുള്ള വളം വില്‍പനയും നിര്‍ത്തിയത് കര്‍ഷകര്‍ക്കു തിരിച്ചടിയായി. പഞ്ചായത്ത് കൃഷിഭവന്‍ വഴിയുള്ള വളം വിതരണം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതേ തുടര്‍ന്നാണ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറിയ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ഡിസിസി നേതൃത്വം തീരുമാനിച്ചത്. പ്രസിഡണ്ടായിരുന്ന വിനോദ്കുമാര്‍ പള്ളയില്‍ വീടിനെതിരെ ഒരു വിഭാഗം അവിശ്വാസം കൊണ്ടുവന്നതാണു ഭരണസമിതിയിലെ പോരു മൂര്‍ഛിക്കാന്‍ കാരണം.

Post a Comment

0 Comments

Top Post Ad

Below Post Ad