Type Here to Get Search Results !

Bottom Ad

ബാലാവകാശ കമ്മീഷന്‍ നിയമനം: ഹൈക്കോടതി പരാമര്‍ശം നേരിട്ട മന്ത്രി ശൈലജ രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:(www.evisionnews.co) ബാലാവകാശ കമ്മീഷനിലെ നിയമനക്രമക്കേടിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ നേരിട്ട സാമൂഹികക്ഷേമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നും കോടതിയുടെ പരാമര്‍ശം ഏറ്റുവാങ്ങിയ ഒരാള്‍ പോലും അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കമ്മീഷനംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ഹൈക്കോടതി ചോദ്യംചെയ്തിരിക്കുകയാണ്. അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം മന്ത്രിക്ക് നഷ്ടപ്പെട്ടു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവെക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു.
ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനത്തിനുള്ള അപേക്ഷ തീയതി മന്ത്രി നീട്ടിയത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ബാലാവകശ കമ്മീഷനിലെ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി ഈ മാസം 17 ന് അസാധുവാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നിയമനകാര്യത്തില്‍ മന്ത്രി സദുദ്ദേശത്തോടെയല്ല ഇടപെട്ടതെന്നും അപേക്ഷത്തീയതി നീട്ടാന്‍ മന്ത്രി ഇറക്കിയ ഉത്തരവ് ആത്മവിശ്വാസത്തോടെയല്ലെന്നും കോടതി നിരീക്ഷിച്ചു. തീയതി നീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാരണം ഫയലുകളില്‍ വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുള്ള തീയതി നീട്ടി സര്‍ക്കാര്‍ രണ്ടാമതിറക്കിയ വിജ്ഞാപനവും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ടിബി സുരേഷ് (വയനാട്), ശ്യാമളാദേവി (കാസർകോട് ) എന്നിവരുടെ നിയമനങ്ങളാണ് കോടതി അസാധുവാക്കിയത്. ഇവര്‍ക്ക് പകരം ആദ്യ വിജ്ഞാപനപ്രകാരം തയ്യാറാക്കിയ പട്ടികയില്‍ നിന്ന് രണ്ടുപേരെ നിയമിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നിയമനത്തിനെതിരെ കോട്ടയം സ്വദേശിനി ഡോക്ടര്‍ ജാസ്മിന്‍ അലക്‌സാണ് കോടതിയെ സമീപിച്ചത്.
കമ്മീഷനില്‍ സര്‍ക്കാരിന് താത്പര്യമുള്ളവരെ നിയമിക്കാന്‍ വിജ്ഞാപനത്തിന്റെ തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും നിയമനം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. 2016 നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10ന് മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം തീയതി നീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു. 2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാന്‍ തീയതി നീട്ടിനല്‍കിയത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad