Type Here to Get Search Results !

Bottom Ad

മുത്തലാഖ് വിധി:പരമോന്നത കോടതി കേട്ടത് ഇന്ത്യന്‍ മുസ്‌ലീം സ്ത്രീകള്‍ നീതിയ്ക്ക് വേണ്ടി ഉയര്‍ത്തിയ ശബ്ദം-എം എ ബേബി

തിരുവനന്തപുരം:(www.evisionnews.co) മുത്തലാഖ് വിഷയത്തില്‍ ഇന്ന് വന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിഷയത്തില്‍ പരമോന്നത കോടതി കേട്ടത് പതിറ്റാണ്ടുകളായി ഇന്ത്യന്‍ മുസ്‌ലീം സ്ത്രീകള്‍ നീതിയ്ക്ക് വേണ്ടി ഉയര്‍ത്തിയ ശബ്ദമാണെന്നായിരുന്നു പ്രതികരണം.തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കുമൊപ്പമാണ് സിപിഐഎമ്മെന്നും എം എ ബേബി പ്രതികരിച്ചു. വിവിധ മതഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും, ഇത്തരം വ്യാഖ്യാനങ്ങളിലൂടെ കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്കുള്ള തുല്യ അവകാശം നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ട തുല്യ സ്വത്താവകാശത്തിനായുള്ള ശബ്ദവും ഇനി ഉയരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പുറപ്പെടുവിപ്പിച്ചത്. മുത്തലാഖ് അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു.  മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിക്കാനാകില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എം എ ബേബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ പതിറ്റാണ്ടുകളായി നീതിക്കു വേണ്ടി ഉയര്‍ത്തിയ ശബ്ദം ഇന്ന് പരമോന്നത കോടതി കേട്ടിരിക്കുന്നു. സിപിഐഎം ഈ വിധിയെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടക്കുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും ഒപ്പമാണ് സിപിഐഎം. വിവിധ മത ഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടുകയാണ്. കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം ഈ വ്യാഖ്യാനങ്ങളിലൂടെ നിഷേധിക്കപ്പെടുന്നു. തുല്യസ്വത്തവകാശത്തിനായും ഉള്ള ശബ്ദം ഉയരേണ്ടിയിരിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad