Type Here to Get Search Results !

Bottom Ad

മംഗലാപുരം വിമാനദുരന്തം; റണ്‍വേയുടെ നീളം കൂട്ടാനുള്ള പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി ഉപേക്ഷിച്ചു

മംഗലാപുരം:(www.evisionnews.co) 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനതാവളത്തിലെ റണ്‍വേയുടെ നീളം കൂട്ടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിവരികയായിരുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. തികച്ചും അപ്രായോഗികം എന്ന വാദമുയര്‍ത്തിയാണ് പദ്ധതി വേണ്ടെന്നുവെക്കുന്നത്.
2010 മെയ് 22 നാണ് 158 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടമുണ്ടായത്. മലയാളികള്‍ അടക്കം 158 പേര്‍ ദുരന്തത്തില്‍ മരണപ്പെടുകയായിരുന്നു. രാജ്യത്തെ ആകമാനം നടുക്കിയ ദുരന്തമായിരുന്നു ഇത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി റണ്‍വേയുടെ നീളം കൂട്ടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചത് ഈയൊരു സാഹചര്യത്തിലാണ്. ഏഴു വര്‍ഷത്തിനിടെ പ്രഖ്യാപനം പലതവണ ആവര്‍ത്തിച്ചെങ്കിലും ഇതിനുവേണ്ട കാര്യമായ ശ്രമങ്ങളൊന്നും നടന്നില്ല.
റണ്‍വേ നീളം കൂട്ടാനുളള്ള പദ്ധതി തല്‍ക്കാലം ഉപേക്ഷിച്ചതായി പിന്നീട് വ്യക്തമാവുകയും ചെയ്തു. നിലവിലുള്ള സാഹചര്യത്തില്‍ ഈ പദ്ധതി പ്രായോഗികമല്ലെന്നും തടസങ്ങള്‍ ഏറെയുണ്ടെന്നും അതോറിറ്റി വിശദീകരിക്കുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിയെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. പദ്ധതിക്കാവശ്യമായ ചെലവും ടേബിള്‍ടോപ് വിമാനത്താവളം ആയതിനാല്‍ റണ്‍വേ നീളം കൂട്ടുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. നിലവില്‍ 2,450 മീറ്ററാണു റണ്‍വേയുടെ നീളം. നിലവിലുള്ള റണ്‍വേയിയില്‍ ബോയിങ് 777, 747 തുടങ്ങിയ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സാധ്യമല്ല.
റണ്‍വേ നീളം കൂട്ടാന്‍ ആവശ്യം ഉയര്‍ന്നതോടെ എല്‍ ആന്‍ഡ് ടിയെ ചുമതലപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. നീളം 3,450 മീറ്റര്‍ ആക്കി വികസിപ്പിക്കാന്‍ അവര്‍ ശുപാര്‍ശയും നല്‍കി. അതേസമയം, ഇപ്പോഴത്തെ റണ്‍വേ തന്നെ നിലവിലുള്ള ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താനാകുമെന്ന നിര്‍ദേശം അതോറിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. പ്രതിവര്‍ഷം അഞ്ചു മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിനു ശേഷിയുണ്ടെന്നും നിലവില്‍ രണ്ടുമില്യണ്‍ യാത്രക്കാര്‍ മാത്രമാണ് വിമാനത്താവളം ഉപയോഗപ്പെടുത്തുന്നതെന്നും വിമാനത്താവള ഡയറക്ടര്‍ വി.വി. റാവു വ്യക്തമാക്കി. ബാക്കി ശേഷികൂടി ഉപയോഗപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഗുണകരമെന്നും അദ്ദേഹം പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad