റിയാദ്:(www.evisionnews.co) തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു. സ്വദേശിവത്കരണം ഊർജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്.എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിലക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലുകളില്‍ നിന്ന് പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം. കൂടാതെ എൻജിനീയറിങ് ജോലികള്‍ പോലുള്ള പ്രഫഷനുകളിലേക്ക് മാറുന്നതിന് തൊഴില്‍ മന്ത്രാലയവും സൗദി എൻജിനീയറിങ് കൗൺസിലും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിങ്കളാഴ്ച മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനമനുസരിച്ച് ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ മൂന്ന് ജോലികള്‍ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രഫഷന്‍ മാറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.

Post a Comment
0 Comments